Quantcast

യമൻ യുദ്ധം അവസാനിപ്പിക്കാൻ നീക്കം; സൗദി സംഘം യമനിൽ ചർച്ച തുടങ്ങുന്നു

ഹൂതികളുമായും ചർച്ചയുണ്ടാകും

MediaOne Logo

Web Desk

  • Published:

    9 April 2023 9:39 AM GMT

Yemen War
X

യമൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി സൗദി ഉദ്യോഗസ്ഥർ സൻആയിലെത്തിയതായി റിപ്പോർട്ട്. ഈയാഴ്ച തുടങ്ങുന്ന ചർച്ചകളിൽ വെടിനിർത്തൽ ദീർഘിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാനാവശ്യമായ പ്രഖ്യാപനങ്ങളുണ്ടായേക്കും. ഹൂതികളുമായും യമൻ ഭരണകൂടവുമായും ചർച്ചയുണ്ടാകും. ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

എട്ടു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ വേഗത്തിലാണ് സൗദി ശ്രമങ്ങൾ നടത്തുന്നത്. ഇറാനുമായി ബന്ധം പുനസ്ഥാപിച്ചത് നടപടികൾക്ക് വേഗം വർധിപ്പിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ തുടരുകയാണ്.

ഇത് ശാശ്വതമാക്കാനാണ് ശ്രമം. സൗദിയിൽ നിന്നുള്ള സംഘം ഇതിനായി ഈയാഴ്ച ചർച്ച തുടങ്ങും. ഇതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥർ യമനിലെ സൻആയിൽ എത്തിയത്. ഹൂതികളുമായും ചർച്ചയുണ്ടാകും.

ഇതിന്റെ ഭാഗമായി ഹൂതി നിയന്ത്രിത മേഖലയിൽ സൗദി ഏർപ്പെടുത്തിയ ഉപരോധം നീക്കിയിട്ടുണ്ട്. ഒമാന്റെയും യു.എൻ പ്രതിനിധിയുടേയും മധ്യസ്ഥത ചർച്ചക്കുണ്ട്. യമനിലെ തുറമുഖങ്ങളും എയർപോർട്ടുകളും പൂർണ തോതിൽ തുറക്കൽ, സർക്കാർ ജീവനക്കാരുടെ വേതന വിതരണം, ഭരണമാറ്റം എന്നിവയിൽ ഊന്നിയാണ് ചർച്ചകൾ നടത്തുക.

യമൻ സമഗ്ര സമാധാന പദ്ധതി യു.എൻ മേൽനോട്ടത്തിൽ തയാറാക്കിവരികയാണ്. സമ്പൂർണ വെടിനിർത്തൽ, എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തി പോസ്റ്റുകളും തുറക്കൽ, സെൻട്രൽ ബാങ്ക് ലയനം, തടവുകാരെയും ബന്ദികളെയും കൈമാറൽ, ഭരണമാറ്റത്തിനു മുന്നോടിയായി ഇടക്കാല ഭരണം എന്നിവ അടങ്ങിയ കരടു സമാധാന പദ്ധതിയാണ് യു.എൻ തയാറാക്കുന്നത്.

അടുത്തിടെ സൗദി വൻതോതിൽ സഹായം യമൻ സാമ്പത്തിക രംഗത്തേക്ക് ഒഴുക്കുന്നുണ്ട്. മേഖലയിൽ സംഘർഷം പൂർണമായി ഒഴിവാക്കി സാമ്പത്തിക സ്ഥിരത പശ്ചിമേഷ്യയിൽ സൃഷ്ടിക്കലും സൗദിയുടെ ലക്ഷ്യത്തിലുണ്ട്. യുഎഇയും ചർച്ചക്ക് പിന്തുണ നൽകിയെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story