അഞ്ച് വർഷത്തിന് ശേഷം മോദി വീണ്ടും സൗദിയിലേക്ക്; നിർണായക കരാറുകളിൽ ഒപ്പുവെക്കും
ഈ മാസം 22ന് സന്ദർശനത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ

റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം സൗദിയിൽ സന്ദർശനത്തിനായി എത്തിയേക്കും. അഞ്ച് വർഷത്തിന് ശേഷം ഈ മാസം 22ന് സന്ദർശനമുണ്ടായേക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. മുൻ സന്ദർശനത്തിൽ ധാരണയിലെത്തിയ വിഷയങ്ങളിലും വിവിധ നിക്ഷേപ കരാറുകളും സൗദി കിരീടാവകാശിയുമായി അദ്ദേഹം ഒപ്പുവെക്കും.
ഇന്ത്യ-യൂറോപ്പിലേക്കുള്ള വ്യവസായ വാണിജ്യ ഇടനാഴിക്കായി കേന്ദ്രം സജീവ ശ്രമം നടത്തുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്. ഇത്തവണത്തെ ജി20യിൽ സൗദിയുമായി വിവിധ സഹകരണത്തിന് കേന്ദ്രം വാണിജ്യ കരാറുകളിൽ ധാരണയിലെത്തിയിരുന്നു. കോവിഡ് പടരുന്നതിനിടെ 2019ലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അവസാനം സന്ദർശിച്ചത്.
റിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ അതിഥിയായിരുന്നു മോദി. അന്ന് കിരീടാവകാശിയുമായുള്ള ചർച്ചകകൊടുവിൽ ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിനും രൂപം കൊടുത്തിരുന്നു. സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യക്കാകട്ടെ സൗദി ഏറ്റവും വലിയ അഞ്ചാമത്തെ വ്യാപാര പങ്കാളിയും. ഇതിൽ ഭൂരിഭാഗവും ക്രൂഡ് ഉത്പന്നങ്ങളാണ്.കഴിഞ്ഞ വർഷം ഇന്ത്യയും സൗദിയും നാവികസൈനിക അഭ്യാസവും സംഘടിപ്പിച്ചിരുന്നു. സന്ദർശനത്തിൽ പ്രതിരോധം, നിക്ഷേപം തുടങ്ങി വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കും.
27 ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ സൗദിയിലുള്ളത്. ഈ മാസം ഇരുപത്തി രണ്ടിനോ അതിനോടടുത്ത തിയതികളിലോ പ്രധാനമന്ത്രി സൗദി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രത്തെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ തിയതിയിൽ കൃത്യത വന്നിട്ടില്ല. സന്ദർശനം സംബന്ധിച്ച് സൗദിയിലെ നയതന്ത്ര കാര്യാലയങ്ങളും വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
Adjust Story Font
16