Quantcast

ഫലസ്തീൻ വിഷയത്തിൽ വിട്ടുവീഴ്ച വേണം; ഇസ്രയേലിനോട് യുഎസിന്റെ ആവശ്യം

സൗദി ബന്ധത്തിന് ഒരുമിച്ച് പ്രവർത്തിക്കും

MediaOne Logo

Web Desk

  • Published:

    21 Sep 2023 2:47 AM GMT

ഫലസ്തീൻ വിഷയത്തിൽ വിട്ടുവീഴ്ച വേണം;   ഇസ്രയേലിനോട് യുഎസിന്റെ ആവശ്യം
X

സൗദിയുമായി ബന്ധം സ്ഥാപിക്കാൻ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡണ്ട് ജോ ബൈഡനും അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാരമുൾപ്പെടെ ഫലസ്തീൻ ജനതയെ പരിഗണിക്കുന്ന തീരുമാനങ്ങളെടുക്കാൻ ജോ ബൈഡൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

ജുഡീഷ്യറിക്ക് മേൽ ഭരണകൂടം അധികാരം സ്ഥാപിക്കുന്നതിലെ ആശങ്കകളും യുഎസ് പ്രസിഡണ്ട് യുഎൻ സമ്മേളനത്തിനിടെ യോഗത്തിൽ പങ്കുവെച്ചു. ഇസ്രയേലിന്റെ നിലപാടനുസരിച്ചാകും സൗദിയുടെ തീരുമാനം.

ഇസ്രയേലും സൗദി അറേബ്യയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന കരാറിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞത്. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

ബന്ധം പുനസ്ഥാപിക്കാൻ ഫലസ്തീനുള്ള അവകാശങ്ങൾ നൽകണമെന്നതാണ് സൗദിയുടെ ഉപാധി. എന്നാൽ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഫലസ്തീന് അവകാശങ്ങൾ വിട്ടു നൽകിയുള്ള സൗദി ബന്ധത്തിന് എതിരാണ്. ഇതിൽ മാറ്റം വരാതെ സൗദി ബന്ധത്തിന് തയ്യാറാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെയാണ് യുഎസ് ഭരണകൂടം ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്തുന്നത്. നെതന്യാഹു രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷമുള്ള യുഎസ് പ്രസിഡണ്ടുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ബൈഡൻ ആവർത്തിച്ചു. ഇസ്രായേലികൾക്കും ഫലസ്തീനികൾക്കുമിടയിൽ നീതിയും ശാശ്വതവുമായ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികളും അദ്ദേഹം ആവശ്യപ്പെട്ടു.

സൗദിയുമായി ബന്ധം സ്ഥാപിക്കാൻ ഇസ്രയേൽ കടുത്ത വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരുമെന്ന് യുഎസ് വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു. അറബ് മേഖലയിലെ ശക്തരായ സൗദിയേയും ഇസ്രയേലിനേും അടുപ്പിക്കുന്നതോടെ മേഖലയിൽ ചൈനീസ് സാന്നിധ്യം കുറക്കാനാണ് യുഎസ് ശ്രമം.

യുഎസ് സഹായത്തോടെ ആണവ സമ്പുഷ്ടീകരണവും യുഎസിന്റെ സുരക്ഷാ പിന്തുണയും ഫലസ്തീന് സാധ്യമാകുന്ന അവകാശങ്ങൾ നേടിയെടുക്കലുമാണ് സൗദിയുടെ ലക്ഷ്യം. തീവ്ര വലതുപക്ഷക്കാരായ ബെഞ്ചമിൻ നെതന്യാഹു ഭരണകൂടം എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് നിലവിൽ ഫലസ്തീൻ മണ്ണിൽ കുടിയേറ്റത്തിന് പിന്തുണ നൽകുന്നത്.

ഫലസ്തീന് അവകാശങ്ങൾ നൽകി സൗദിയുമായി ബന്ധം എന്നതിനെ നെതന്യാഹു ഭരണത്തിലുള്ളവർ എതിർക്കുന്നുമുണ്ട്. ഫലസ്തീനുമായി കൂടിയാലോചിച്ചാണ് ഇസ്രയേലുമായുള്ള നീക്കത്തിന് സൗദി ശ്രമം. ഈ വിഷയത്തിൽ സാധ്യമാകുന്ന ധാരണകളും പരിഹാര ഫോർമുലകളും തയ്യാറാക്കാൻ യൂറോപ്യൻ യൂണിയൻ, അറബ് ലീഗ് എന്നിവരുടെ സാന്നിധ്യത്തിൽ സൗദി യോഗവും വിളിച്ചിരുന്നു. ഫലസ്തീനെ അറിയിച്ചായിരുന്നു ഇത്. എന്നാൽ ഫലസ്തീൻ വിഷയത്തിൽ ഇസ്രയേൽ വിട്ടുവീഴ്ചക്ക് തയ്യാറാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

TAGS :

Next Story