സൗദിയില്‍ ചരക്ക് ലോറികള്‍ക്ക് പുതിയ നിബന്ധനകള്‍
ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ചരക്ക് ലോറികളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യും
സൗദിയില്‍ ചരക്ക് ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ ഏപ്രില്‍ മുപ്പത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. മൂന്നര ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ലോറികള്‍ക്ക് ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല.
ഇത്തരം ലോറികളുടെ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്യും. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചരക്ക് ലോറികളുടെ ഉപയോക്താവ് ഉടമ മാത്രമായിരിക്കണം. അല്ലെങ്കില്‍ ഉടമ ചുമതലപ്പെടുത്തുന്ന നിയമാനുസൃത സ്വദേശിയോ ആവാമെന്നും ഗതാഗത അതോറിറ്റി അറിയിച്ചു. വിദേശിക്ക് ഇത്തരം വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാന്‍ അനുവാദമുണ്ടാകില്ല.
രാജ്യത്ത് ചരക്ക് നീക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഏജന്‍സികളുടെയും ലോറി വാടകക്ക് നല്‍കുന്ന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ക്രമീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ് ഗതാഗത അതോറിറ്റി കൊണ്ട് വന്ന നിയമാവലിയുടെ തുടര്‍ച്ചയായാണ് പുതിയ നിബന്ധന. ഇരുപത് വര്‍ഷം കഴിഞ്ഞ ലോറികള്‍ മൂന്ന് മാര്‍ഗേന ഉപയോഗപ്പെടുത്താന്‍ സാധിക്കും. വാഹനം വിദേശത്തേക്ക് കയറ്റി അയക്കുക, വാഹനം പൊളിച്ച് സ്‌ക്രാപ്പാക്കി മാറ്റുക, അല്ലെങ്കില്‍ ഉടമയുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗപ്പെടുത്തുക എന്നിവയാണ് അതോറിറ്റി നിര്‍ദ്ദേശിക്കുന്ന പരിഹാര മാര്‍ഗങ്ങള്‍.
Adjust Story Font
16