ഹസ്നയും ഹസീനയും ഇരുമെയ്യായി; സൗദിയിൽ നൈജീരിയൻ സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരം
ഒമ്പത് ഘട്ടങ്ങളിലായി പതിനാറര മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ വേർപ്പെടുത്തിയത്.
ജിദ്ദ: സൗദിയിൽ നൈജീരിയൻ സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒമ്പത് ഘട്ടങ്ങളിലായി പതിനാറര മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ വേർപ്പെടുത്തിയത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന അറുപതാമത്തെ ശസ്ത്രക്രിയയാണ് ഇതോടെ സൗദിയിൽ പൂർത്തിയാകുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ 31നാണ് നൈജീരിയയിൽ നിന്നുളള സയാമീസ് ഇരട്ടകളായ ഹസ്നയെയും ഹസീനയെയും ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചത്. വൻകുടൽ, മൂത്ര- പ്രത്യുൽപാദന അവയവങ്ങൾ, പെൽവിക് അസ്ഥി, സുഷുമ്ന കനാൽ, ചില ഞരമ്പുകൾ എന്നിവ പങ്കിടുന്ന രൂപത്തിലായിരുന്നു കുട്ടികൾ ജനിച്ചത്. അതിസങ്കീർണമായ വേർപ്പെടുത്തൽ ശസ്ത്രക്രിയയെ കുറിച്ചുള്ള പഠനങ്ങൾക്കും പരിശോധനകൾക്കും മാസങ്ങളെടുത്തു.
ന്യൂറോ സർജറി വിദഗ്ധരായ മെഡിക്കൽ സംഘം ആഴ്ചകൾക്ക് മുമ്പ് തന്നെ സുഷുമ്ന കനാൽ വേർപ്പെടുത്തുന്ന പ്രാഥമിക ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു. ഒടുവിൽ ഇന്നലെ റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ ആരംഭിച്ചു. ശരീരത്തിൻ്റെ താഴ്ഭാഗം ഒട്ടിപ്പിടിച്ച് രണ്ടറ്റങ്ങളിലും തലവെച്ച് കിടക്കുന്ന പൊന്നോമനകളെ മാതാപിതാക്കൾ ചുംബനം നൽകി തിയേറ്ററിലേക്ക് യാത്രയയച്ചു. പിന്നീടങ്ങോട്ട് പ്രാർഥനകളുടെ മണിക്കൂറൂകളായിരുന്നു.
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലുള്ള 39 അംഗ മെഡിക്കൽ സംഘം വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ ഭാഗമായി. വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നുള്ള കണ്‍സള്‍ട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും ടെക്നീഷ്യന്മാരും ഉൾപ്പെടെയുള്ളവർ ശസ്ത്രക്രിയയുടെ ഭാഗമായി. ഒമ്പതു ഘട്ടങ്ങളായി പതിനാറര മണിക്കൂര്‍ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയക്കൊടുവിൽ ഹസ്നയെയും ഹസീനയെയും വിജയകരമായി വേർപ്പെടുത്തിയതായി ഡോ. അബ്ദുല്ല അൽ റബീഅ പ്രഖ്യാപിച്ചു. ഇരുമെയ്യായി വേർപിരിഞ്ഞ് കിടിക്കുന്ന മക്കളെ കണ്ടപ്പോൾ ദൈവത്തിന് നന്ദി അറിയിച്ച് ആ മാതാപിതാക്കൾ സൂജൂദിൽ വീണു. കൈകളുയർത്തി പ്രാർത്ഥിച്ചു.
തങ്ങളുടെ പൊന്നോമനകളെ വേർപ്പെടുത്താൻ എല്ലാ സൗകര്യങ്ങളും ചെയ്ത് തന്ന സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും ഓപ്പറേഷന്‍ നടത്തിയ മെഡിക്കല്‍ സംഘത്തിനും ഹസ്നയുടെയും ഹസീനയുടെയും മാതാപിതാക്കൾ നന്ദിയും കടപ്പാടും അറിയിച്ചു. സൗദിയിലെത്തിയതു മുതല്‍ തങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണവും ആതിഥേയത്വവുമാണ് ലഭിച്ചതെന്നും ഇരുവരും പറഞ്ഞു. സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള സൗദി പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന 60-ാമത്തെ ശസ്ത്രക്രിയയാണ് പൂർത്തിയായതെന്ന് ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
34 വര്‍ഷത്തിനിടെ 25 രാജ്യങ്ങളില്‍ നിന്നുള്ള 135 സയാമിസ് ഇരട്ടകളുടെ കേസുകള്‍ സൗദി പ്രോഗ്രാം പഠിക്കുകയും ആവശ്യമായ പരിചരണങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനായി എല്ലാ സൗകര്യങ്ങളുമൊരുക്കി നൽകുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിക്കും ഡോ. അബ്ദുല്ല അൽ റബീഅ നന്ദി അറിയിച്ചു. ജീവകാരുണ്യ മേഖലയിലും മെഡിക്കല്‍ സേവന രംഗത്തും ആഗോള തലത്തില്‍ തന്നെ സൗദി അറേബ്യ നടത്തി വരുന്ന മാനുഷിക പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണിത്.
Adjust Story Font
16