ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ല; സ്വതന്ത്ര ഫലസ്തീൻ വിഷയത്തിൽ നിലപാട് ആവർത്തിച്ച് സൗദി
ബ്രിട്ടനിലെ സൗദി അംബാസിഡറായ ഖാലിദ് ബിൻ ബന്ദർ രാജകുമാരനാണ് ഫലസ്തീൻ വിഷയത്തിൽ സൗദിയുടെ നിലപാട് ആവർത്തിച്ചത്
ദമ്മാം: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രീപീകൃതമാകാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ. ഇസ്രായേൽ ഗസയിലെ ആക്രമണം അവസാനിപ്പിച്ച് മുഴുവൻ സേനാംഗങ്ങളും ഗസ വിടണം. ബ്രിട്ടനിലെ സൗദി അംബാസിഡറായ ഖാലിദ് ബിൻ ബന്ദർ രാജകുമാരനാണ് ഫലസ്തീൻ വിഷയത്തിൽ സൗദിയുടെ അസന്ദിഗ്ധമായ നിലപാട് ആവർത്തിച്ചത്.
ലണ്ടനിലെ റോയൽ ഇൻസ്ററിറ്റിയൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്സ് കോൺഫറൻസിലാണ് നിലപാട് ആവർത്തിച്ചത്. 1967ലെ അതിർത്തി പ്രകാരം കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണ് ഫലസ്തീൻ ഇസ്രായേൽ പ്രശ്നപരിഹാരത്തിനുള്ള ഏക മാർഗ്ഗം. ഫലസ്തീനികളെ വഴിയാധാരമാക്കി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സൗദി ഒരുക്കമല്ലെന്നും രാജകുമാരൻ വിശദീകരിച്ചു.
സൗദിയുടെ നിലപാട് സ്വതന്ത്ര ഫലസ്തീൻ എന്ന ആശയത്തെ അന്താരാഷ്ട്ര സമൂഹത്തിനിടയിൽ അംഗീകരിപ്പിക്കുന്നതിന് ഏറെ സഹായകരമായി. അടുത്തിടെ പല രാജ്യങ്ങളും ഫലസ്തീൻ അനുകൂല തീരുമാനമെടുപ്പിക്കുന്നതിന് ഇത് സഹായിച്ചതായും അദ്ദേഹം കൂട്ടിചേർത്തു.
Adjust Story Font
16