'സ്പോൺസർ' വേണ്ട 'തൊഴിലുടമ' മതി; പുതിയ നിർദേശവുമായി സൗദി വാണിജ്യ മന്ത്രാലയം
സൗദിയിൽ കാലങ്ങളായി തൊഴിൽ നൽകുന്നയാളെ സ്പോൺസർ എന്നാണ് വിളിച്ചിരുന്നത്
റിയാദ്: സൗദിയിൽ ഇനി മുതൽ തൊഴിൽ നൽകുന്ന ആളെ സ്പോൺസർ എന്ന് വിശേഷിപ്പിക്കാൻ അനുവദിക്കില്ല, പകരം തൊഴിലുടമ എന്ന പദമാണ് ഉപയോഗിക്കേണ്ടത്. വാണിജ്യ മന്ത്രാലയത്തിന്റേതാണ് പുതിയ നിർദ്ദേശം. സൗദിയിൽ കാലങ്ങളായി തൊഴിൽ നൽകുന്നയാളെ സ്പോൺസർ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇനി സ്പോൺസർ എന്ന പദത്തിന് പകരം തൊഴിലുടമ എന്ന് വിശേഷിപ്പിക്കണം. സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യമറിയിച്ച് ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്സിന് മന്ത്രാലയം കത്തയച്ചു.
തൊഴിലാളിക്ക് വേതനം നൽകുന്ന സ്ത്രീയോ പുരുഷനോ തൊഴിലുടമയാണ്. വേതനം സ്വീകരിച്ച് ജോലി ചെയ്യുന്നവർ തൊഴിലാളികളും. പുതിയ നിർദ്ദേശത്തിലൂടെ മാറാൻ പോകുന്നത് കാലങ്ങളായി സൗദിയിൽ സാധാരണക്കാരായ മലയാളികൾ അടക്കം പാലിച്ചിരുന്ന കീഴ് വഴക്കമാണ്. തൊഴിലാളിയും, തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചിരുന്നു. തൊഴിൽ മാറാനുള്ള സ്വാതന്ത്ര്യം, റീ എൻട്രി, ഫൈനൽ എക്സിറ്റ് എന്നിവക്കുള്ള സൗകര്യം, എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് പദ്ധതി. പത്തു ലക്ഷത്തിലേറെ തൊഴിലാളികൾ ഇതിനോടകം പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
Adjust Story Font
16