നൂർ റിയാദ് ഫെസ്റ്റിവൽ ഇനി കൂടുതൽ തിളങ്ങും; ഗിന്നസിൽ ഇടം നേടി പിരമിഡും, ലേസർ ഷോയും
റിയാദ് ആർട്ട് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായിരുന്നു പ്രദർശനം
റിയാദ്: പ്രകാശം കൊണ്ട് അത്ഭുതം തീർത്ത നൂർ റിയാദ് ഫെസ്റ്റ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്ന് നിർമിച്ച പ്രകാശം പരത്തുന്ന പിരമിഡ്, ലേസർ ഷോ എന്നിവയാണ് ഫെസ്റ്റിലെ പ്രകാശ സൃഷ്ടികളിൽ റെക്കോർഡ് കരസ്ഥമാക്കിയത്. കിംഗ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെന്റർ, വാദി ഹനീഫ, ജാക്‌സ് ഡിസ്ട്രിക്ട് എന്നീ മൂന്നിടങ്ങളിലായിട്ടാണ് ഫെസ്റ്റ് അരങ്ങേറിയത്. റിയാദ് ആർട്ട് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായിരുന്നു പ്രദർശനം.
അറുപതിലധികം പ്രകാശ കലാ സൃഷ്ടികളാണ് ഫെസ്റ്റിന്റെ ഭാഗമായത്. ഇവയിൽ രണ്ട് പ്രകാശ സൃഷ്ടികൾക്കാണ് റെക്കോർഡ് കരസ്ഥമാക്കാൻ കഴിഞ്ഞത്. ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്ന് നിർമിച്ച പ്രകാശം പരത്തുന്ന പിരമിഡാണ് ഇതിൽ ഒന്നാമത്. 28 മീറ്റർ ഉയരത്തിലും 48 മീറ്റർ വീതിയിലുമായിരുന്നു ഇതിന്റെ നിർമാണം. പച്ചയും ചുവപ്പും നിറത്തിൽ പ്രകാശിക്കുന്ന ഈ ശിൽപം നിർമിച്ചത് സൗദി കലാകാരനായ റാഷിദ് അൽഷഷായ് ആണ്. ശില്പിയുടെ പേരിൽ തന്നെയാണ് പ്രകാശ ശില്പവും അറിയപ്പെടുന്നത്.
ഫൈസലിയ ടവറിൽ സ്ഥാപിച്ചിട്ടുള്ള ക്രിസ് ലെവൈൻ ലേസർ ലൈറ്റ് ഷോ ആണ് രണ്ടാമതായി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചത്. 6 കിലോമീറ്റർ നീളത്തിൽ പ്രകാശിക്കുന്ന വിതമാണിതിന്റെ സൃഷ്ടി. പ്രശസ്ത പ്രകാശ കലാകാരനായ ക്രിസ് ലെവൈനാണ് ഇത് രൂപകൽപന ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി കലാകാരന്മാരുടെ അറുപതിലധികം സൃഷ്ടികളാണ് ഫെസ്റ്റിന്റെ ഭാഗമായത്. മലയാളികളടക്കം നിരവധി സാങ്കേതിക പ്രവർത്തകർ പിന്നണിയിൽ പ്രവർത്തിച്ച ഫെസ്റ്റ് അടുത്ത വർഷവും തുടരും.
Adjust Story Font
16