5ജി നെറ്റ്വര്‍ക്കുകള്‍ എയര്‍ നാവിഗേഷന്‍ സംവിധാനങ്ങളെ ബാധിക്കില്ലെന്ന് അധികൃതര്‍
വ്യോമഗതാഗതത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷിതമായ ഫ്രീക്ക്വന്‍സികളാണ് ഉപയോഗിക്കുന്നത്
5ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് തരംഗങ്ങളുയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളികളില്‍നിന്ന് സൗദിയിലെ വ്യോമാതിര്‍ത്തിയിലെയും വിമാനത്താവളങ്ങളിലെയും എയര്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ സുരക്ഷിതമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷനും തങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
വ്യോമഗതാഗതത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷിതമായ ഫ്രീക്ക്വന്‍സികളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളില്ലാതെ തന്നെ എയര്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ സുഖമമായി നടത്താന്‍ സാധിക്കുമെന്നും അവര്‍ വിശദീകരിച്ചു.
എയര്‍ നാവിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനായി നിരന്തരശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി മേഖലയിലെ വിമാന ഗതാഗതത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കാവശ്യമായ 5ജി നെറ്റ്വര്‍ക്ക് ഫ്രീക്വന്‍സി വികസനമടക്കമുള്ള സാങ്കേതിക കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സൂചിപ്പിച്ചു.
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐ.സി.എ.ഒ) മാനദണ്ഡങ്ങള്‍ക്കനുസൃതമായി, സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വ്യോമഗതാഗത സംവിധാനങ്ങളില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കുന്നതിനുമാണ് നിലവില്‍ ഊന്നല്‍ നല്‍കുന്നത്.
അന്താരാഷ്ട്ര സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് രാജ്യത്തെ 5ജി നെറ്റ്‌വര്‍ക്ക് വികസനവും നടത്തുന്നതെന്ന് കമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി അറിയിച്ചു. പ്രതിരോധം, സുരക്ഷ, ബഹിരാകാശം, വ്യോമയാനം, ആശയവിനിമയം, കാലാവസ്ഥ തുടങ്ങിയ മേഖലകള്‍ക്കെല്ലാം പ്രയോജനപ്പെടുന്ന തരത്തിലാണ് 5ജി നെറ്റ്‌വര്‍ക്ക് വികസനം നടക്കുന്നത്.
അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ 5ജി നെറ്റ്‌വര്‍ക്ക് വികസനം നടക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള നിരവധി വിമാന സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തി വച്ചിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ വിശയത്തില്‍ വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നിട്ടുള്ളത്.
Adjust Story Font
16