ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ടിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു
ഒഐസിസി സൗദി അറേബ്യയിലും വിവിധ രാജ്യങ്ങളിലുമായി നടത്തിക്കൊണ്ടിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ടായി ഇകെ സലിമിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ, അൽ ഹസ്സ, അൽ ഖോബാർ, സൈഹാത്ത്, ഹഫർ അൽ ബാത്തിൻ ഏരിയ കമ്മിറ്റികളിൽ നിന്നും വിവിധ ജില്ലാ കമ്മിറ്റികളിൽ നിന്നും റീജ്യണൽ കമ്മിറ്റി പ്രധിനിധികളായെത്തിയ വോട്ടർമാരാണ് ജനാധിപത്യ രീതിയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ ഇകെ സലിമിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.
ആകെ പോൾ ചെയ്ത 106 വോട്ടുകളിൽ 54 വോട്ടുകൾ നേടി വിജയിച്ചത്. മറ്റ് സ്ഥാനാർത്ഥികളായ സിറാജ് പുറക്കാട് 31 വോട്ടും ഹനീഫ റാവുത്തർ 21 വോട്ടും കരസ്ഥമാക്കിയതായി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു.
ഉച്ചക്കുശേഷം മൂന്ന് മുതൽ വൈകിട്ട് ഏഴ് വരെ നടന്ന വോട്ടെടുപ്പ് ഏറെ ആവേശത്തോടെയാണ്പ്രവർത്തകർ ഏറ്റെടുത്തത്. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, സൗദി നാഷണൽ കമ്മിറ്റി ട്രഷറർ മുനമ്പത്ത് റഹ്‌മാൻ എന്നിവരായിരുന്നു റിട്ടേണിംഗ് ഓഫീസർമാർ. തെരഞ്ഞെടുപ്പിൻറെ എല്ലാവിധ ക്രമീകരണങ്ങളും തികഞ്ഞ പ്രൊഫഷണലിസത്തോടെ ഒരുക്കിയ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞടുപ്പ് സുതാര്യവും കുറ്റമറ്റതുമാക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വോട്ടെടുപ്പ് നടന്ന ഹാളിലേക്ക് ഒഐസിസി തിരിച്ചറിയൽ കാർഡുകൾ കാണിച്ചാണ് പ്രവേശനം അനുവദിച്ചത്. മെമ്പർഷിപ്പ് കാർഡ് നമ്പരും വോട്ടേഴ്‌സ് ലിസ്റ്റും പരിശോധിച്ചതിന് ശേഷം റിട്ടേർണിംഗ് ഓഫീസമാർ ഒപ്പിട്ട് നൽകുന്ന ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ പോളിംഗ് സ്റ്റേഷനിലെത്തിയാണ് വോട്ടവകാശം വിനിയോഗിച്ചത്.
വിവിധ സ്ഥാനാർത്ഥികൾക്കുവേണ്ടി ദിവസങ്ങളോളം നടത്തിയ ഭവന സന്ദർശനവും നിരന്തരമായി അയച്ചുകൊണ്ടിരുന്ന വോട്ടിനായുള്ള അഭ്യർത്ഥനാ മെസ്സേജുകളും കോളുകളും തെരഞ്ഞെടുപ്പ് രംഗത്തെ കൊഴുപ്പിച്ചു.
അൽ ഖോബാർ യൂണിറ്റ് കമ്മിറ്റിയംഗമായി തുടക്കം കുറിച്ച ഇകെ സലിം, യൂണിറ്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിലും തുടർന്ന് വന്ന കോൺഗ്രസ്സ് അനുകൂല സംഘടനകളുടെ ഏകീകൃത രൂപമായ ഇനോക്കിൻറെ അൽ ഖോബാർ യൂണിറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും തുടർന്ന് കെപിസിസിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത ഒഐസിസി യുടെ ദമ്മാം സോൺ സെക്രട്ടറിയായി പ്രവർത്തിക്കുകയും 2014 മുതൽ ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ സ്വദേശിയായ സലിം 1997 മുതൽ സൗദിയിൽ പ്രവാസിയാണ്. ബാലരാമപരം സ്വദേശിയായ സുറുമിയാണ് ഭാര്യ. അൽമിർ സ്വാലിഹ്, അബീർ സ്വാലിഹ്, അഫ്രാൻ സ്വാലിഹ് എന്നിവരാണ് മക്കൾ. ഒഐസിസിയെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുടെനീളം ശക്തിപ്പെടുത്തുന്നതിനാവശ്യമായ കർമ്മ പരിപാടികൾ സഹഭാരവാഹികളെക്കൂടി സമവായത്തിലൂടെ കണ്ടെത്തിയതിനുശേഷം ആവിഷ്‌ക്കരിക്കുമെന്ന് ഇ കെ സലിം പറഞ്ഞു. ജീവകാരുണ്യ സാമൂഹിക മേഖലയിലെ പ്രവർത്തനം കൂടുതൽ സജീവമാക്കുകയെന്നതായിരിക്കും തൻറെ പ്രഥമ ദൗത്യമെന്നും, അതിനാവശ്യമായ പ്രത്യേക ടീം സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി മുൻ നിർവ്വാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, ബിജു കല്ലുമല, അഷറഫ് മുവാറ്റുപുഴ എന്നിവർ സലിമിനെ അഭിനന്ദിച്ചു.
Adjust Story Font
16