മുഹറം ഒന്നിന് കഅബ പുതുവസ്ത്രമണിയും; ചടങ്ങിനുളള ഒരുക്കങ്ങൾ പൂർത്തിയായി
കഴിഞ്ഞ വർഷം മുതലാണ് ഹിജ്‌റ വർഷാരംഭമായ മുഹറം ഒന്നിന് കഅബയെ പുതുവസ്ത്രമണിയിച്ച് തുടങ്ങിയത്
മക്ക: ഹിജ്‌റ വർഷാരംഭമായ മുഹറം ഒന്നിന് കഅബ പുതുവസ്ത്രമണിയും. ചടങ്ങിനുളള ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ വർഷം മുതലാണ് മുഹറം ഒന്നിന് കഅബയെ പുതുവസ്ത്രമണിയിച്ച് തുടങ്ങിയത്. ഇതിന് മുമ്പ് ദുൽഹജ്ജ് 9ന് ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന സമയത്തായിരുന്നു കഅബയുടെ കിസ്‌വ അഥവാ മുടുപടം മാറ്റിയിരുന്നത്.
കിസ്‌വ നിർമ്മിക്കുന്ന മക്കയിലെ കിംഗ് അബ്ദുൽ അസീസ് കോംപ്ലക്സിൽ ഇരുനൂറോളം വിദഗ്ധരായ തൊഴിലാളികൾ പത്ത് മാസത്തോളം സമയമെടുത്താണ് മുടുപടം തയ്യാറാക്കുന്നത്. മേത്തരം പട്ടിൽ പത്ത് ഘട്ടങ്ങളിലായാണ് ഇതിന്റെ നിർമാണം. ഏകദേശം 670 കിലോഗ്രാം അസംസ്‌കൃത പട്ടും 120 കിലോഗ്രാം സ്വർണനൂലും 100 കിലോഗ്രാം വെള്ളിനൂലും കഅബയുടെ വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കും.
സ്വർണനൂലും വെള്ളി നൂലും ഉപയോഗിച്ചാണ് കിസ് വയിൽ ഖുർആൻ വാക്യങ്ങൾ ആലേഖനം ചെയ്യുക. ആദ്യം നിലവിലെ മൂടുപടം അഴിച്ച് മാറ്റുകയും തുടർന്ന് നാല് വശങ്ങളിലും പുതിയ വസ്ത്രം സ്ഥാപിക്കുകയും ചെയ്യും. അതിന് മുകളിലായി, പ്രധാന ആകർഷണായ ബെൽറ്റ് ഘടിപ്പിക്കും. തുടർന്ന് വാതിലിന് മുകളിലുള്ള കർട്ടൺ സ്ഥാപിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകും. ഹറം കാര്യാലയ മേധാവികളുടെ നേതൃത്വത്തിൽ കിസ് വ ഫാക്ടറി ഉദ്യോഗസ്ഥരും ഹറം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ചടങ്ങിന് നേതൃത്വം നൽകുക.
Adjust Story Font
16