Quantcast

തണലാണ് കുടുംബം; ഒരു മാസം നീളുന്ന വിപുലമായ തനിമ കാമ്പയിൻ

പ്രവാസികളിൽനിന്ന് വലിയ തോതിലുള്ള പങ്കാളിത്തമാണ് ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ പ്രതീക്ഷിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    9 Jan 2025 12:33 PM GMT

തണലാണ് കുടുംബം; ഒരു മാസം നീളുന്ന വിപുലമായ തനിമ കാമ്പയിൻ
X

ജിദ്ദ- തണലാണ് കുടുംബം എന്ന സന്ദേശവുമായി തനിമ വെസ്റ്റേൺ പ്രൊവിൻസ് ഒരു മാസം നീളുന്ന വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുന്നു. വ്യത്യസ്ത ജീവിതാവസ്ഥകളിൽ മനുഷ്യർക്ക് സുരക്ഷയുടേയും സന്തോഷത്തിന്റേയും തണലൊരുക്കുന്ന സാമൂഹ്യ സ്ഥാപനമായ കുടുംബത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്താനും കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാനും പ്രവാസികളെ ആഹ്വാനം ചെയ്യുകയാണ് വൈവിധ്യമാർന്ന പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് ഫസൽ മുഹമ്മദും കാമ്പയിൻ കോ ഓർഡിനേറ്റർ മുഹമ്മദലി പട്ടാമ്പിയും അറിയിച്ചു.

നിരവധി സാമൂഹ്യ മുല്യങ്ങൾ സംഭാവന ചെയ്യുന്ന സ്ഥാപനമായ കുടുംബ വ്യവസ്ഥയുടെ അടിവേരറുക്കുന്ന പാശ്ചാത്യൻ ലിബറലിസത്തിനും സാമൂഹ്യ അരാജകത്വത്തിനുമെതിരെ ആശയ സമരം അനിവാര്യമാണ്. വ്യക്തി കേന്ദ്രീകൃതവും കേവല സുഖഭോഗതൃഷ്ണയിലധിഷ്ടിതവുമായ ഉദാര ലൈംഗികതയാണ് സാംസ്കാരിക ലിബറലിസം മുന്നോട്ടുവെക്കുന്നത്. നവനാസ്തികതയും സാംസ്കാരിക ലിബറലിസവും മുന്നോട്ടുവെക്കുന്ന അതിവാദങ്ങളെ ഇസ്ലാമിൻറെ പവിത്രമായ കുടുംബ സങ്കൽപത്തിലൂടെ ചെറുക്കാൻ സാധിക്കും.

പ്രവാസികളിൽനിന്ന് വലിയ തോതിലുള്ള പങ്കാളിത്തമാണ് ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ പ്രതീക്ഷിക്കുന്നത്. വനിതകളുടേയും യുവാക്കളുടേയും വിദ്യാർഥികളുടേയും സഹകരണത്തോടെയാണ് വിപുലമായ പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്. നൂറോളം കുടുംബ സദസ്സുകൾ സംഘടിപ്പിച്ച് വിഷയം ചർച്ച ചെയ്യും. ട്രക്കിംഗ്, സൗഹൃദ സദസ്സ്, യൂത്ത് മീറ്റ് തുടങ്ങിയ പരിപാടികളിലൂടെ യുവജനങ്ങളെ കാമ്പയിന്റെ ഭാഗമാക്കും. ജെൻഡർ ന്യൂട്രൽ, ആധുനിക ലിബറൽ വാദങ്ങൾ എന്നിവയിലെ അപകടങ്ങളെക്കുറിച്ചും പൊള്ളത്തരങ്ങളെക്കുറിച്ചും വിദ്യാർഥികളെ ബോധവൽകരിക്കും. കവിത, ഡ്രോയിംഗ്, പ്രസംഗം, റീൽസ് തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തും. വിപുലമായ ജനസമ്പർക്ക പരിപാടികളിലൂടെ കാമ്പയിൻ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റു പ്രവാസി കൂട്ടായ്മകളുടെ സഹകരണം ലഭ്യമാക്കുമെന്നും കോ ഓർഡിനേറ്റർ മുഹമ്മദലി പട്ടാമ്പി പറഞ്ഞു.

TAGS :

Next Story