Quantcast

സുഡാനിൽ കുടുങ്ങി‌യ ഇന്ത്യക്കാരെ നാട്ടിലെത്തിക്കൽ; വി. മുരളീധരൻ ജിദ്ദയിലേക്ക്

മലയാളികൾ ഉൾപ്പെടെ ഏകദേശം 3000-5000 ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    24 April 2023 5:58 PM GMT

Operation Kaveri, V. Muraleedharan goes to Jeddah to bring Indians stuck in Sudan, latest world news
X

ന്യൂഡൽഹി/ജിദ്ദ/ദുബൈ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെ‌ത്തിക്കുന്ന ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലേക്ക്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഉടൻ ജിദ്ദയിലേക്ക് തിരിക്കുമെന്ന് മുരളീധരൻ ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യയുടെ രക്ഷാപ്രവർത്തനം തുടങ്ങണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൗദി, യുഎഇ വിദേശകാര്യ മന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ടെലിഫോണിൽ സംഭാഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ സ്ഥിതിഗതികൾ അനുകൂലമായ സാഹചര്യത്തിലേക്ക് എത്തിയിരുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഓപ്പറേഷൻ കാവേരി എന്ന രക്ഷാപ്രവർത്തന ദൗത്യം വളരെ പെട്ടെന്ന് നടപ്പാക്കാനും പൂർത്തീകരിക്കാനുമാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് വി. മുരളീധരൻ ജിദ്ദയിലേക്ക് പോവുന്നത്.

സുഡാനിൽ ഇപ്പോഴും ആഭ്യന്തര സംഘർഷം അതീവ ഗുരുതരമായി തന്നെ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ജീവൻരക്ഷാ ഉപകരണങ്ങൾ പോലും എത്തിക്കാനുള്ള സാഹചര്യമില്ലെന്ന് യുഎൻ ഏജൻസികളും വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം നടക്കുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തിരിക്കുകയാണ്.

എന്നാൽ മറ്റ് വിദേശരാജ്യങ്ങളുടെ കൂടി സഹായത്തോടെ സുഡാനിലുള്ള ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. മലയാളികൾ ഉൾപ്പെടെ ഏകദേശം 3000-5000 ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സുരക്ഷാവിഭാഗത്തിന്റെ സഹായത്തോടെയാവും ഇന്ത്യക്കാരെ രക്ഷപെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

തലസ്ഥാനമായ ഖാർത്തൂം ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഭൂരിഭാഗവും ഇന്ത്യക്കാരുള്ളത്. അവിടെ സ്‌ഫോടനാത്മകമായി തന്നെ സാഹചര്യങ്ങൾ തുടരുകയാണ്. അതിനാൽ ആളുകളുടെ സുരക്ഷ ഉറപ്പാക്കി നാട്ടിലെത്തിക്കുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി. ജിദ്ദയിലെത്തുന്ന വി. മുരളീധരൻ സൗദി വിദേശകാര്യ മന്ത്രിയുൾപ്പെടെയുള്ളവരുമായി സംസാരിക്കുകയും സഹായം തേടുകയും ചെയ്യുമെന്നാണ് വിവരം.

TAGS :

Next Story