Quantcast

നിയമ സഹായ സമിതിക്കെതിരായ തെറ്റിദ്ധാരണകൾ മാറി: റഹീമിന്റെ ഉമ്മ

ഈ മാസം 17ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-11-13 16:24:05.0

Published:

13 Nov 2024 4:12 PM GMT

Our misunderstanding against the Legal Aid Committee has changed: Raheems mother
X

റിയാദ്: റിയാദിലെ നിയമ സഹായ സമിതിക്കെതിരായ തെറ്റിദ്ധാരണകൾ മാറിയതായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ ഉമ്മ ഫാത്തിമ. റിയാദിലെ നിയമ സഹായ സമിതിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മാതാവ് പ്രതികരിച്ചത്. തെറ്റിദ്ധാരണയുടെ പുറത്ത് പല തെറ്റുകളും സംഭവിച്ചിട്ടുണ്ടെന്നും എല്ലാം മറന്ന് റഹീമിന്റെ മോചനത്തിനായി പരിശ്രമിക്കണമെന്നും ഉമ്മ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. ഈ മാസം 17ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ വൈകിട്ടാണ് റഹീമിന്റെ ഉമ്മയും കുടുംബവും റിയാദിലെ മാധ്യമങ്ങളുമായും റഹീം നിയമ സഹായ സമിതിയുമായും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം നിയമ സഹായ സമിതിയെയോ പത്ര മാധ്യമങ്ങളോ അറിയിക്കാതെ കുടുംബം രണ്ടു തവണ ജയിലിലെത്തുകയും രണ്ടാം തവണ ഉമ്മ റഹീമിനെ സന്ദർശിക്കുകയും ചെയ്തിരുന്നു. തെറ്റിദ്ധാരണയുടെ പുറത്താണ് ഇക്കാര്യം സംഭവിച്ചതെന്നും തന്റെ മകൻ നസീറിന്റെ അടുത്തു വന്ന തെറ്റ് എല്ലാവരും ക്ഷമിക്കണമെന്നും ഉമ്മ അഭ്യർത്ഥിച്ചു. അതിന്റെ പേരിൽ ഇനി ഒരു പ്രശ്‌നമുണ്ടാക്കരുതെന്നും സന്തോഷത്തോടെ റഹീമിനെ കൊണ്ടുപോകാൻ സഹായിക്കണമെന്നും ഉമ്മ ഫാത്തിമ അഭ്യർത്ഥിച്ചു.

നിയമ സഹായ സമിതിയുമായി ചില വാക്ക് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പല സംശയങ്ങളുടെയും തെറ്റിദ്ധാരണങ്ങളുടെയും ഫലമായാണ് അങ്ങിനെ സംഭവിച്ചതെന്നും ഞാൻ നിയമ സഹായ സമിതിക്ക് എതിരല്ലെന്നും റഹീമിന്റെ സഹോദരനായ നസീർ അറിയിച്ചു. റിയാദിലെ നിയമ സഹായ സമിതി സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, റഹീമിന്റെ കുടുംബത്തിന്റെ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിഞ്ഞതായി റിയാദ് നിയമ സഹായ സമിതി വ്യക്തമാക്കി. റഹീം വിഷയത്തിൽ വിവാദങ്ങളുണ്ടാക്കാനും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനുമായി സോഷ്യൽ മീഡിയകളിലൂടെ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും അവർ ഇപ്പോഴും ഫേസ്ബുക്കിൽ എഴുതിക്കൊണ്ടിരിക്കുകയാണുമെന്നും നിയമ സഹായ സമിതി ആരോപിച്ചു. റിയാദിൽ റഹീമിന്റെ കുടുംബത്തെയും പൊതു ജനങ്ങളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പൊതു യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റഹീമിന്റെ ഉമ്മയുടെ കൂടെ അൽപനേരം എന്ന പേരിലാണ് നിയമ സഹായ സമിതി പൊതു യോഗം സംഘടിപ്പിച്ചത്. റഹീമിന്റെ ഉമ്മ, സഹോദരൻ നസീർ, അമ്മാവൻ അബ്ബാസ് തുടങ്ങിയവരാണ് യോഗത്തിന്റെ ഭാഗമായത്. നിയമ സഹായ സമിതിയുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ മുഴുവൻ സംശയങ്ങളും തീർന്നിട്ടുണ്ട്. അനാവശ്യ ചർച്ചകളും ഇടപെടലുകളുമാണ് പ്രശ്‌നം ഇവിടേക്കെത്തിച്ചത്. വീഴ്ചകൾ വന്നുപോയതിന് റഹീമിന്റെ സഹോദരൻ നസീർ മാപ്പ് പറഞ്ഞെന്നും നിയമ സഹായ സമിതി അറിയിച്ചു.

ഒരുപാട് കടമ്പകൾ താണ്ടിയും കുത്തുവാക്കുകൾ കേട്ടുമാണ് ഇവിടെവരെ എത്തിയത്. ഇന്നെല്ലാ കാര്യങ്ങളും മറനീക്കി തുറന്നു സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സമിതി അംഗങ്ങൾ അറിയിച്ചു. നിരവധി പേരുടെ പ്രയത്‌നമാണ് റഹീം കേസിന്റെ പുരോഗതി. ഇന്ത്യൻ എംബസി തന്ന പിന്തുണ ചെറുതല്ലെന്നും അംഗങ്ങൾ അറിയിച്ചു.

നിയമ സഹായ സമിതിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. റഹീമിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കും വിധമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളും ശക്തമായിരുന്നു. എന്നാൽ ഇന്ന് തെറ്റിദ്ധാരണകളെല്ലാം തിരുത്തി വസ്തുത ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും നിയമ സഹായ സമിതി ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ അറിയിച്ചു.

ഈ മാസം 17നാണ് റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിട്ടുള്ള പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കുക. അന്നായിരിക്കും മോചന ഉത്തരവ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. മറ്റു തടസങ്ങളൊന്നും ഉണ്ടാവില്ലെന്ന ശുഭ പ്രതീക്ഷയിലാണ് തങ്ങളെന്നും അതിനായി കാത്തിരിക്കുകയാണെന്നും റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചു.

TAGS :

Next Story