മദീനയിൽ 1500ലേറെ പുരാവസ്തു കേന്ദ്രങ്ങൾ; സന്ദർശകർക്ക് പ്രവേശനം അനുവദിക്കും
മദീനയിൽ പ്രവാചകനുമായി ബന്ധപ്പെട്ട കൂടുതൽ കേന്ദ്രങ്ങളുടെ സംരക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. 1500ലധികം ചരിത്ര പൈതൃക കേന്ദ്രങ്ങൾ മദീനയിലുള്ളതായി ചരിത്ര ഗവേഷകനായ ഡോ. ഫുആദ് വ്യക്തമാക്കി
സൗദിയിലെ 1500ലേറെ പുരാവസ്തു പൈതൃക കേന്ദ്രങ്ങളുള്ളത് മദീനയിൽ. ഇവയിൽ ഭൂരിഭാഗവും ജനങ്ങൾക്ക് പ്രവേശനമുള്ളതാണെന്നും അധികൃതർ അറിയിച്ചു. മദീനയിൽ പ്രവാചകനുമായി ബന്ധപ്പെട്ട കൂടുതൽ കേന്ദ്രങ്ങളുടെ സംരക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. 1500ലധികം ചരിത്ര പൈതൃക കേന്ദ്രങ്ങൾ മദീനയിലുള്ളതായി ചരിത്ര ഗവേഷകനായ ഡോ. ഫുആദ് വ്യക്തമാക്കി
പ്രവാചകത്വ കാലഘട്ടത്തിനും മുമ്പുള്ള വളരെ പുരാതനമായ അൽ ഹജീം കിണറും, ഉസ്ബ പ്രദേശവും ഇതിലുൾപ്പെടും. പ്രവാചകൻ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോൾ കടന്ന് പോയ പ്രദേശമായിരുന്നു അൽ ഉസ്ബ. പ്രവാചകന്റെ പള്ളിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഖുബയിലാണ് ഈ ഗ്രാമം. മക്കയിൽ നിന്ന് അനുചരൻ അബൂബക്കർ സിദ്ദീക്കിനോടൊപ്പം മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകൻ മദീനയിലെത്തുന്നതിന് മുമ്പ് തന്നെ നിരവധി അനുചരന്മാർ മദീനയിലേക്ക് പുറപ്പെട്ടിരുന്നു.
പ്രവാചകൻ മദീനയിലെത്തുന്നത് വരെ ഈ അനുചരന്മാർ തമ്പടിച്ചിരുന്ന പ്രദേശമാണ് അൽ ഉസ്ബ. ഇവിടെ നിർമ്മിച്ച പള്ളിയാണ് ഉസ്ബ മസ്ജിദ്, തൌബ മസ്ജിദ്, നൂർ മസ്ജിദ്, ഉഹുദ് മസ്ജിദ് എന്നീ പേരുകളിൽ അറിയിപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഘർസ് കിണറിലേക്കും, പ്രവാചകനുമായുും ഖലീഫമാരുമായും ചരിത്രബന്ധമുള്ള അൽ അഖീഖ് താഴ്വരയിലേക്കും സന്ദർശകർക്ക് പ്രവേശനാനുമതിയുണ്ടെന്ന് ഫുആദ് പറഞ്ഞു.
പ്രവാചകൻ എപ്പോഴും ഘർസ് കിണറിലെ വെള്ളം കുടിക്കാറുണ്ടായിരുന്നു.മാത്രവുമല്ല വസിയ്യത്ത് പ്രകാരം പ്രവാചകൻ്റെ മയ്യിത്ത് കുളിപ്പിച്ചതും ഈ കിണറിലെ വെള്ളം ഉപയോഗിച്ചാണ്. ഇത്തരത്തിലുള്ള ആയിരത്തി അഞ്ഞൂറിലേറെ ചരിത്ര പൈതൃക പ്രദേശങ്ങളാണ് മദീനയിലുള്ളത്. മിക്ക സ്ഥലങ്ങളിലേക്കും സൌജന്യമാണ് പ്രവേശനം. ഈ പ്രദേശങ്ങളെ കുറിച്ച് ഹെറിറ്റേജ് അതോറിറ്റി വിശദമായി പഠനം നടത്തിയ ശേഷം, വിനോദ സഞ്ചാരികൾക്കും ചരിത്രാന്വേഷകർക്കും വേണ്ടി സംരക്ഷിച്ച് നിലനിർത്തിയിരിക്കുകയാണ്. 8,788 പുരാവസ്തു കേന്ദ്രങ്ങളാണ് സൌദിയിലൊട്ടാകെ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളത്.
Adjust Story Font
16