പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റും: സിദ്ദിഖ് അഹമ്മദ്
കേരളത്തിനും തമിഴ്നാടിനും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതിയാണ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രൊജക്റ്റെന്ന് സിദ്ദിഖ് അഹമ്മദ് പറഞ്ഞു
റിയാദ്: കേരളത്തിനും ഒപ്പം തൊട്ടരികെയുള്ള തമിഴ്നാടിനും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാർ പാലക്കാട് പ്രഖ്യാപിച്ച ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രൊജക്റ്റെന്ന് ഇറം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സിദ്ദിഖ് അഹമ്മദ് പറഞ്ഞു. പദ്ധതിയെ ആവേശത്തോടു കൂടി സ്വാഗതം ചെയ്യുന്നു. മിഡിൽ ഈസ്റ്റിൽ നിന്നടക്കം പുറത്തുനിന്ന് വലിയ നിക്ഷേപം ഇതിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും ഫിക്കി ഇന്ത്യ-അറബ് കൗൺസിൽ കോ-ചെയർമാനായ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നൊവേഷനെയും വളർച്ചയേയും ഗണ്യമായി പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ മുഖച്ഛായക്ക് തന്നെ മാറ്റം കൊണ്ടുവരും. വ്യവസായ മേഖലയെന്ന നിലയിൽ പാലക്കാടിനും പദ്ധതി ഏറെ ഗുണകരമാകും. വളരെ വലിയ തൊഴിൽ സാധ്യതകളാണ് ഈ പദ്ധതി തുറന്നിടുന്നതെന്ന് ഡോ. സിദ്ദിഖ് അഹമ്മദ് ചൂണ്ടിക്കാട്ടി. നിർമാണഘട്ടം മുതൽ നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യകത വളരെയധികം ഉണ്ടാകും.
പാലക്കാടിന് ഇത്തരമൊരു പദ്ധതി അനുവദിച്ചതിന് പാലക്കാട് സ്വദേശിയായ വ്യവസായിയെന്ന നിലയിൽ കൂടി കേന്ദ്ര സർക്കാരിന് പ്രത്യേകം നന്ദി പറയുന്നു. വികസനത്തിലൂന്നിയുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16