ഫലസ്തീനില്‍ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇസ്രയേൽ; നടപടി ആവശ്യപ്പെട്ട് ഒ.ഐ.സി
'നിരപരാധികളെ വെടിവെച്ചു കൊന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിയെടുക്കണം.'
ജിദ്ദ: ഫലസ്തീന്‍ പ്രദേശങ്ങളില്‍ കൂടുതൽ സൈന്യത്തെ വിന്യസിച്ച ഇസ്രയേൽ നടപടിക്കെതിരെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ അടിയന്തര യോഗം. ഇസ്രയേൽ തുടരുന്ന അധിനിവേശവും അതിക്രമവുമാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന് ഒഐസി കുറ്റപ്പെടുത്തി. നിരപരാധികളെ വെടിവെച്ചു കൊന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓർഗനൈസേഷൻ ഇസ്ലാമിക് കോ-ഓപ്പറേഷന്റെ അടിയന്തര യോഗം സൗദിയിലെ ജിദ്ദയിലെ ആസ്ഥാനത്താണ് ചേർന്നത്. ഐക്യരാഷ്ട്ര സഭാ തത്വങ്ങൾക്ക് വിരുദ്ധമായാണ് ഇസ്രയേലിന്റെ നടപടികൾ. അധിനിവേശവും കൂടുതൽ കെട്ടിടങ്ങൾ കയ്യേറ്റഭൂമിയിൽ നിർമിച്ച് പ്രകോപനവും തുടരുകയാണ്. നബ്ലുസിൽ നടന്ന സംഘർഷത്തിന് കാരണമിതാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇസ്രയേൽ കയ്യേറ്റത്തെ ശക്തമായി അപലപിച്ച യോഗം വിഷയത്തിൽ അന്താരാഷ്ട്ര കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ ഒപ്പുവെച്ച അന്താരാഷ്ട്ര നിയമങ്ങളും ധാരണങ്ങളും ലംഘിക്കുന്നതാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. നിരായുധരായ ഫലസ്തീൻ പൗരന്മാരുടെ സ്വസ്ഥത ഇല്ലാതാക്കും വിധം സൈനിക വിന്യാസം നടത്തിയാണ് അധിനിവേശം. ഇത് അവസാനിപ്പിക്കണം. പുതിയ താമസകേന്ദ്രങ്ങൾ നിർമിക്കുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം. യുഎൻ സുരക്ഷാ കൗൺസിൽ ഇതിന് മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച 57 രാജ്യങ്ങളുടെ കൂട്ടായമയായ സംഘടന വിഷയത്തിൽ വിദേശ മന്ത്രിമാരുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
Adjust Story Font
16