'ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചവർ അത് പുന:പരിശോധിക്കണം'; ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്
ആക്രമണം നിർത്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇസ്രായേലിന്റെ യുഎൻ അംഗത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
റിയാദ്: ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചവർ അത് പുന:പരിശോധിക്കണമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. റിയാദിൽ അറബ് ഇസ്ലാമിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ അറബ് രാഷ്ട്രങ്ങളും സംഗമിച്ചതായിരുന്നു സൗദിയിലെ റിയാദിൽ ചേർന്ന അറബ് ഇസ്ലാമിക ഉച്ചകോടി.
ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങളും ഉച്ചകോടിയിലുണ്ട്. അവരോടാണ് ആ ബന്ധം പുന:പരിശോധിക്കണമെന്ന് ഫലസ്തീൻ പ്രസിഡണ്ട് പറഞ്ഞത്. 'അന്താരാഷ്ട്ര നിയമങ്ങളിൽ വീഴ്ച വരുത്തിയവരാണ് ഇസ്രായേൽ. ലോകത്തെ എല്ലാ രാജ്യങ്ങളും അവരുമായുള്ള ബന്ധം വീണ്ടും പരിശോധിക്കണം. ജെറുസലേമിനെ വെസ്റ്റ് ബാങ്കിൽ നിന്നും വേർപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം. ഇത് തടയണം. മനുഷ്യാവകാശ ലംഘനം തുടരുന്ന ഇസ്രയേലിന്റെ യുഎൻ അംഗത്വം റദ്ദാക്കണമെന്നും' ഫലസ്തീൻ പ്രസിഡണ്ട് പറഞ്ഞു. ഗസ്സയിൽ നിന്നും പിന്മാറാനാവശ്യപ്പെട്ടുള്ള യുഎൻ സുരക്ഷാ പ്രമേയം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16