അനുമതിയില്ലാതെ ഹജ്ജ് ചെയ്യൽ; ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
നിയമലംഘകർ വിദേശികളാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം തിരിച്ച് വരാനാകാത്ത വിധം നാടുകടത്തും
ജിദ്ദ: അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിഴ ശിക്ഷക്ക് പുറമെ ആറ് മാസം തടവും നാടുകടത്തലുമുണ്ടാകും. പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് വാഹന സൗകര്യം ചെയ്തു കൊടുക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജൂൺ 2 മുതൽ ജൂണ് 20 വരെയാണ് (ദുൽ ഖഅദ് 25 മുതൽ ദുൽ ഹജ്ജ് 14 വരെ) ഹജ്ജ് കാലയളവായി കണക്കാക്കുന്നത്. ഈ കാലയളവിൽ ഹജ്ജ് പെർമിറ്റോ, മക്ക പ്രവേശനത്തിനുള്ള പ്രത്യേക അനുമതിയോ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം 10,000 റിയാൽ പിഴ ചമുത്തും. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാക്കുമെന്നും, ആവർത്തനങ്ങൾക്കനുസരിച്ച് പിഴ തുക ഒരു ലക്ഷം റിയാൽ വരെ ചുമത്തുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. കൂടാതെ ആറ് മാസം വരെ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.
നിയമലംഘകർ വിദേശികളാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് കർമങ്ങൾ നടക്കുന്ന ഹറം പരിസരം, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യ സ്ഥലങ്ങളിലും, റുസൈഫ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, ഹജ്ജ് തീർഥാടകരുടെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ശക്തമായ പരിശോധനയുണ്ടാകും. ഇവിടെ വെച്ച് പെർമിറ്റില്ലാതെ പിടിക്കപ്പെടുന്ന വിദേശികളും സ്വദേശികളും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. കൂടാതെ പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കാൻ ഗതാഗത സൗകര്യമൊരുക്കുന്നവർക്കും വൻ തുക പിഴയും തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്നും ഇത്തരക്കാരുടെ വാഹനം കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.
Adjust Story Font
16