സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ ഓഹരി പി.ഐ.എഫ് ഏറ്റെടുക്കുന്നു
രാജ്യത്തെ ഏറ്റവും വലുതും കൂടുതല്‍ ജീവനക്കാരുള്ളതുമായ കമ്പനിയാണ് ബിന്‍ലാദിന്‍ ഗ്രൂപ്പ്
ദമ്മാം: സൗദിയിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്) സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക സാമ്പത്തിക മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളുമാണ് ഇതുസംബന്ധിച്ച വാര്‍ത്ത ഔദ്യോഗിക സ്രോതസ്സുകളെ ഉദ്ധരിച്ച് പുറത്തുവിട്ടത്.
നിലവില്‍ സൗദി ധനമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 36 ശതമാനം ഓഹരികള്‍ പി.ഐ.എഫിലേക്ക് മാറ്റാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമേ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനും സാധ്യതയുള്ളതായും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ ഏറ്റവും വലുതും കൂടുതല്‍ ജീവനക്കാരുള്ളതുമായ കമ്പനിയാണ് ബിന്‍ലാദിന്‍ ഗ്രൂപ്പ്. പ്രവാസികളുള്‍പ്പെടെ പതിനായിരങ്ങളാണ് കമ്പനിക്ക് കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു വരുന്നത്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായുള്ള വമ്പന്‍ പ്രൊജക്ടകുകള്‍, 2034ലെ ഫിഫ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍, മക്കയിലെ മസ്ജിദുല്‍ ഹറം വിപുലീകരണ പദ്ധതി എന്നിവ ബിന്‍ലാദിന്‍ ഗ്രൂപ്പാണ് ഏറ്റെടുത്ത് നടത്തിവരുന്നത്.
Adjust Story Font
16