ഹജ്ജ് സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോം വഴി നിയന്ത്രിക്കാൻ പദ്ധതി
നിർദ്ദേശങ്ങൾ പാലിക്കാത്ത ഏജൻസികൾക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിനും നിയമം
ഹജ്ജ് തീർഥാടകർക്കൊരുക്കുന്ന മുഴുവൻ സേവനങ്ങളും ഏകീകൃത പ്ലാറ്റ്ഫോം വഴി നിയന്ത്രിക്കാൻ പദ്ധതി. തീർഥാടകർക്ക് നൽകി വരുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൗദി അറേബ്യ ഹജ്ജ് ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് കരടു നിയമാവലി തയ്യാറാക്കിയിരിക്കുന്നത്. നിർദ്ദേശങ്ങളിൻമേൽ ആവശ്യമായ ചർച്ചകൾ നടത്തി അന്തിമ രൂപരേഖക്ക് അനുമതി നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
സേവന രംഗത്തെ ജീവനക്കാരുടെ ശേഷി വർധിപ്പിക്കുക, മന്ത്രാലയം അംഗീകരിച്ച സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി തീർഥാടകർക്ക് സേവനം നൽകുന്നതിന് സർവീസ് കമ്പനികൾക്കിടയിൽ മത്സരം ശക്തമാക്കുക, സേവനം നൽകുന്നതിന് വേണ്ട മാനദണ്ഡങ്ങളും നിരക്കുകളും പുനർ നിർണയിക്കുക, ഏകീകൃത പ്ലാറ്റ് ഫോം വഴി സർവീസ് കമ്പനികളുമായി കരാറുകളിൽ ഏർപ്പെടുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നടപ്പാക്കുക. നിർദ്ദേശങ്ങൾ പാലിക്കാത്ത ഏജൻസികൾക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിനും നിയമം നിഷകർഷിക്കുന്നുണ്ട്.
Adjust Story Font
16