ഇസ്‌ലാമിക വായനാ സംസ്‌കാരം വളർത്തിയതിൽ 'പ്രബോധന'ത്തിന്റെ പങ്ക് നിസ്തുലം: ഡോ. കൂട്ടിൽ മുഹമ്മദലി
ഡോ. കൂട്ടിൽ മുഹമ്മദലിയും ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരും ചേർന്ന് 'പ്രബോധനം' മൊബൈൽ ആപ്ലിക്കേഷൻ സൗദി വെസ്റ്റേൺ പ്രൊവിൻസ് തല ലോഞ്ചിങ് നിർവഹിച്ചു
ജിദ്ദയിൽ ഡോ. കൂട്ടിൽ മുഹമ്മദലിയും വിവിധ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരും ചേർന്ന് 'പ്രബോധനം' മൊബൈൽ ആപ്ലിക്കേഷൻ സൗദി വെസ്റ്റേൺ പ്രൊവിൻസ് തല ലോഞ്ചിങ് നിർവഹിക്കുന്നു
ജിദ്ദ: ഏഴര പതിറ്റാണ്ടായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരികയായ 'പ്രബോധനം' മലയാളികൾക്കിടയിൽ ഇസ്‌ലാമിക വായനാ സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ നിർവഹിച്ച പങ്ക് നിസ്തുലമാണെന്ന് ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി പറഞ്ഞു. 'പ്രബോധനം' വാരികയുടെ പുതുതായി തയ്യാറാക്കിയ ഡിജിറ്റൽ പതിപ്പായ മൊബൈൽ ആപ്ലിക്കേഷന്റെ സൗദി വെസ്റ്റേൺ പ്രൊവിൻസ് തല ലോഞ്ചിങ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന മരിച്ചുവെന്ന വാദം തീർത്തും തെറ്റാണ്. വായനയല്ല മരിക്കുന്നത്, വായനയില്ലാത്ത മനുഷ്യരാണ് ജീവനില്ലാത്ത ശരീരം പോലെയാവുന്നത്. വായനയിലൂടെ മാത്രമേ മനുഷ്യന്റെ ചിന്തകൾ വളരുകയുള്ളൂ. ഇസ്ലാമിക അറിവുകൾ സമൂഹത്തിന് പകർന്നുനൽകാൻ 'പ്രബോധനം' വഹിച്ച പങ്കിനോടൊപ്പം തന്നെ കേരളത്തിൽ നിന്നുള്ള സമാന പ്രസിദ്ധീകരണങ്ങളും ഇക്കാര്യത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചുകൊണ്ടിരിക്കുന്നതായും ഡോ. കൂട്ടിൽ മുഹമ്മദലി കൂട്ടിച്ചേർത്തു.
ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഡോ. കൂട്ടിൽ മുഹമ്മദലിയും ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരും ചേർന്ന് 'പ്രബോധനം' മൊബൈൽ ആപ്ലിക്കേഷൻ സൗദി വെസ്റ്റേൺ പ്രൊവിൻസ് തല ലോഞ്ചിങ് നിർവഹിച്ചു. തനിമ വെസ്റ്റേൺ പ്രൊവിൻസ് ഉപദേശക സമിതി അംഗം ആർ.എസ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.
സലാഹ് കാരാടൻ, അബൂബക്കർ അരിമ്പ്ര, നസീർ വാവക്കുഞ്ഞു, കബീർ കൊണ്ടോട്ടി, ഹിഫ്സുറഹ്‌മാൻ, എ.എം സജിത്ത്, കെ.എം. മുസ്തഫ, ഡോ. മുഹമ്മദ് ഫൈസൽ, എ.എം അഷ്റഫ്, ഷാനവാസ് വണ്ടൂർ, ഡോ. അഷ്റഫ് എന്നിവർ സംസാരിച്ചു. തനിമ വെസ്റ്റേൺ പ്രൊവിൻസ് പി.ആർ സെക്രട്ടറി കെ.എം അനീസ് സ്വാഗതം പറഞ്ഞു. സഫറുല്ല മുല്ലോളി ഖിറാഅത്ത് നടത്തി.
Adjust Story Font
16