നിർധനരായ പ്രവാസികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും; മലപ്പുറത്ത് പ്രവാസി മെഡിക്കൽ സെൻ്റർ
കെഎംസിസി ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പദ്ധതിയുടെ ബ്രോഷർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു
ജിദ്ദ: സൌദിയിലെ ജിദ്ദ കെഎംസിസി, പ്രവാസികൾക്ക് മാത്രമായി മലപ്പുറത്ത് മെഡിക്കൽ സെന്റർ സ്ഥാപിക്കുന്നു. നിർധനരായ പ്രവാസികൾക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. കെഎംസിസി ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പദ്ധതിയുടെ ബ്രോഷർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
നിർധനരായ പ്രവാസികൾക്ക് പൂർണമായും സൌജന്യ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജിദ്ദ കെഎംസി സെൻട്രൽ കമ്മറ്റി മലപ്പുറത്ത് മെഡിക്കൽ സെൻ്റർ സ്ഥാപിക്കുന്നത്. മലപ്പുറം സി.എച്ച് സെൻ്ററുമായി സഹകരിച്ചാണ് പദ്ധതി. ഇതിനായി ഒരു കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം മലപ്പുറത്ത് ആരംഭിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.
മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും പ്രവാസി വ്യവസായിയുമായ പി.കെ.അലി അക്ബറിന് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പ്രവാസികൾക്ക് മാത്രമയി സ്ഥാപിക്കുന്ന പ്രവാസി മെഡിക്കൽ സെൻ്റർ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അബ്ബാസലി തങ്ങൾ അഭ്യർത്ഥിച്ചു.
വർഷങ്ങളായി തുടർന്ന് വരുന്ന കെഎംസിസി ഇഫ്താർ സംഗമത്തിൽ ഇത്തണവയും കെ.എം.സി.സി പ്രവർത്തകർക്ക് പുറമെ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള നിരവധി പേർ സംബന്ധിച്ചു. ചടങ്ങിൽ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
Adjust Story Font
16