ഇസ്രായേൽ- ഫലസ്തീൻ സംഘർഷം; ലോകരാജ്യങ്ങളുമായി ആശയവിനിമയം നടത്തി ഖത്തർ
സൗദി, സ്പാനിഷ്, ജോർദൻ, തുർക്കി വിദേശകാര്യമന്ത്രിമാരുമായും ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തി.
ദോഹ:ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളുമായി ആശയവിനിമയം നടത്തി ഖത്തർ. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഖത്തർ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചു. സൗദി, സ്പാനിഷ്, ജോർദൻ, തുർക്കി വിദേശകാര്യമന്ത്രിമാരുമായും ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തി.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഖത്തറിന്റെ ആശങ്ക യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായുള്ള ഫോൺ സംഭാഷണത്തിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രേഖപ്പെടുത്തി. ഇരുപക്ഷവും പരമാവധി സംയമനം പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും സാധാരണക്കാരെ കെടുതികളിൽ നിന്ന് മുക്തരാക്കാനും ഇരു രാജ്യങ്ങളും യോജിച്ച് പരിശ്രമിക്കണമെന്നും ഖത്തറിന്റെ വിദേശകാര്യമന്ത്രി കൂടിയായ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ പറഞ്ഞു.
സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലാ അൽ സൗദ് രാജകുമാരനുമായും സ്പാനിഷ് വിദേശകാര്യമന്ത്രി ഹൊസെ മാന്വൽ അൽബാരെസുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു. ജോർദാൻ, തുർക്കി, ഈജിപ്ത് രാജ്യങ്ങളുമായും ഖത്തർ ആശയവിനിമയം നടത്തിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ഉത്തരവാദി ഇസ്രായേലാണെന്ന് കഴിഞ്ഞദിവസം ഖത്തർ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. മേഖലയിലെ പ്രശ്‌നപരിഹാരത്തിന് സ്വതന്ത്ര ഫലസ്തീൻ നിലവിൽ വരണമെന്നതാണ് ഖത്തറിന്റെ നിലപാട്.
Adjust Story Font
16