Quantcast

സൗദിയിലുടനീളം മഴയും മഞ്ഞുവീഴ്ചയും: വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി

ചൊവ്വാഴ്ച വരെ രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

MediaOne Logo

Web Desk

  • Updated:

    2023-01-06 19:46:09.0

Published:

6 Jan 2023 6:47 PM GMT

സൗദിയിലുടനീളം മഴയും മഞ്ഞുവീഴ്ചയും: വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി
X

ദമ്മാം: സൗദിയിലെ റിയാദിൽ മഴ ശക്തമായതിനെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി. മദീനയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ ഹെലിക്കോപ്റ്റർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വരെ രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിയാദിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴയിൽ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. വെള്ളം ഉയർന്ന് തുടങ്ങിയതോടെ ഈസ്റ്റ് ഗേറ്റ് ഭവന പദ്ധതി പ്രദേശത്ത് നിന്നും താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി ബോട്ടുകളുടെ സഹായത്തോടെയാണ് വീടുകളിൽ കുടുങ്ങിയവരെ മാറ്റി പാർപ്പിക്കുന്നത്. വെള്ളം കയറിയത് മൂലം നിരവധി നാശനഷ്ടങ്ങളുണ്ടായതായി താമസക്കാർ പറഞ്ഞു. വരും മണിക്കൂറുകളിലും ശക്തമായ മഴയും മിന്നലും തുടരാൻ സാധ്യതയുണ്ട്. താഴ്വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും അകന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു.

മദീനയിൽ തബൂക്ക് റോഡിൽ മഴവെള്ളപ്പാച്ചിലിൽ വാഹനവുമായി കുടങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ചുറ്റുഭാഗവും വെള്ളം മൂടിയതോടെ ഇവർ തൊട്ടടുത്ത മരത്തിൽ കയറിപറ്റുകയായിരുന്നു. ജനറൽ സെക്യൂരിറ്റി ഏവിയേഷൻ കമാൻഡിനു കീഴിലെ ഹെലികോപ്റ്ററിന്‍റെ സഹായത്തോടെയാണ് പിന്നീട് ഇവരെ രക്ഷപ്പെടുത്തിയത്. മക്കയിലും സമീപ പ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്. മഴ നനഞ്ഞുകൊണ്ടാണ് പലപ്പോഴും വിശ്വാസികൾ കർമങ്ങൾ ചെയ്യുന്നത്. കിഴക്കൻ പ്രവിശ്യയിൽ മൂന്ന് ദിവസമായി തുടരുന്ന മഴ ഇന്നും ശക്തമായിരുന്നു. രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ മഴ തുടരും. ഞായർ, തിങ്കൾ ദിവസങ്ങളിൽ തബൂക്ക്, ഹായിൽ, മക്ക, മദീന, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, അൽ-ഖാസിം, ഷർഖിയ, റിയാദ് എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴ പെയ്യുമെന്നും, തബൂക്കിലെ മലനിരകളിൽ മഞ്ഞു വീഴ്ച ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGS :

Next Story