മക്കയിലും മദീനയിലും വീണ്ടും മഴയെത്തുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
തിങ്കളാഴ്ച വരെ മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം

ജിദ്ദ: മക്കയിലും മദീനയിലും വീണ്ടും മഴയെത്തുന്നു. വെള്ളി മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങളിൽ മക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയെത്തും. ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. ജമ്മും, അൽ ഖാമിൽ, മെയ്‌സാൻ, അദ്ഹാം തുടങ്ങി മക്കയുടെ വിവിധ ഭാഗങ്ങളിലും ത്വായിഫ് ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലുമാണ് മഴയെത്തുക. മഴ മുൻകരുതലുള്ളതിനാൽ ഹറമിന്റെ മുറ്റത്ത് കാർപ്പറ്റ് വിരിക്കില്ല. ആവശ്യമുള്ള വിശ്വാസികൾ മുസല്ല കയ്യിൽ കരുതണമെന്ന് ഹറം കാര്യാലയം ഉണർത്തുന്നുണ്ട്.
മദീനയിലും തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുണ്ട്. അൽ ഉല, ബദർ, ഖൈബർ എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ മദീന മേഖലയിൽ മഴയെത്തും. റമദാനിന്റെ ഭാഗമായി ലക്ഷങ്ങളാണ് ഓരോ ദിനവും ഇരു ഹറമിലും സംഗമിക്കുന്നത്. മഴയോട് അനുബന്ധിച്ച് പ്രത്യേക മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച വരെ മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായാണ് മഴയെത്തുന്നത്.
Adjust Story Font
16