മക്കയിൽ മഴ മണിക്കൂറുകൾ നീണ്ടു: ഹറമിൽ മഴക്കെടുതി നേരിടാൻ പ്രത്യേക ക്രമീകരണങ്ങൾ
കഅ്ബയെ ത്വവാഫ് ചെയ്യുന്ന വിശ്വാസികൾക്ക് മഴ നനയാതിരിക്കാൻ കുടകൾ വിതരണം ചെയ്തു
മക്കയിൽ ഇന്ന് പെയ്ത മഴ മണിക്കൂറുകൾ നീണ്ടു നിന്നു. മഴക്കെടുതി നേരിടുന്നതിനായി ഹറം പള്ളിയിൽ പ്രത്യേക സംവിധാനങ്ങളൊരുക്കി. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയോടെയാണ് മക്കയിൽ മഴ ശക്തി പ്രാപിച്ചത്. ഇടിയും കാറ്റും മഴയും മണിക്കൂറുകൾ നീണ്ടു നിന്നു. ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. മഴ നാളെയും തുടരുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ നാളെയും നേരിട്ടുള്ള ക്ലാസിൽ വിദ്യാർഥികളും ജീവനക്കാരും ഹാജരാകേണ്ടതില്ല. ഹറം പള്ളിയിലും മഴ ശക്തമായിരുന്നു.
കഅ്ബയെ ത്വവാഫ് ചെയ്യുന്ന വിശ്വാസികൾക്ക് മഴ നനയാതിരിക്കാൻ കുടകൾ വിതരണം ചെയ്തു. എങ്കിലും പലരും മഴ നനഞ്ഞ് കൊണ്ടാണ് കർമങ്ങൾ പൂർത്തിയാക്കിയത്. മഴക്കെടുതി നേരിടാൻ ഹറം പള്ളിയിൽ അധികൃതർ അടിയന്തിര സംവിധാനങ്ങളൊരുക്കി. മഴ വെള്ളം വലിച്ചെടുക്കുന്നതിനും കഴുകി തുടച്ച് ഉണക്കുന്നതിനും പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചു. സ്ത്രീകളും പുരുഷന്മാരുമായി 4,000 ത്തോളം തൊഴിലാളികളെ മഴക്കെടുതി നേരിടുന്നതിനായി ഹറം പള്ളിയിൽ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 500-ലധികം ഉപകരണങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല ഇവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായി 200-ലധികം സൂപ്പർവൈസർമാരെയും നിരീക്ഷകരെയും നിയമിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മഴവെള്ളപ്പാച്ചിലിന് സാധ്യതയുളള റോഡരികിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും പ്രത്യേകം അനുവദിച്ച പാർക്കിംഗ് കേന്ദ്രങ്ങളിലേക്ക് വാഹനങ്ങൾ മാറ്റണമെന്നും മക്ക സിവിൽ ഡിഫൻസ് നിർദേശിച്ചു.
Adjust Story Font
16