ഇഫ്താർ വിതരണത്തിന് സംഭാവന സ്വീകരിക്കരുത്; പള്ളി ജീവനക്കാർക്ക് പ്രത്യേക നിർദേശങ്ങൾ
റമദാന് മുമ്പായി പള്ളികളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ജിദ്ദ: വിശുദ്ധ റമദാന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പള്ളി ജീവനക്കാർക്ക് ഇസ്‍ലാമിക കാര്യമന്ത്രാലയം പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി. ഇഫ്താറിന് സംഭാവന ശേഖരിക്കരുതെന്നും പ്രാർത്ഥനക്ക് സമയക്രമം പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. റമദാന് മുമ്പായി പള്ളികളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മാർച്ച് 11ന് സൗദിയിൽ റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യതയെന്നാണ് ഗോളശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തുടനീളമുള്ള പള്ളികളിൽ റമദാൻ മുന്നൊരുക്കങ്ങൾ സജീവമായി നടന്നിവരികയാണ്. പള്ളികളോട് ചേർന്ന് നടന്ന് വരാറുള്ള ഇഫ്താർ വിതരണത്തിന് സംഭാവനകൾ ശേഖരിക്കരുതെന്ന് ഇസ്‍ലാമിക കാര്യമന്ത്രലായം പള്ളി ഇമാമാരോടും മുഅദ്ദിനുകളോടും നിർദേശിച്ചു. പള്ളിക്കകത്ത് ഇഫ്താവർ വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. റമദാനിൽ ഇമാമുമാരും മുഅദ്ദിനുകളും അവധിയെടുക്കാതെ കൃത്യമായി ജോലിക്ക് ഹാജരാകണം. ഓരോ പ്രാർത്ഥനക്കും ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരമുള്ള സമയക്രമം കൃത്യമായി പാലിക്കണം.
റമദാനില്‍ ഇശാഅ്, സുബ്ഹി നമസ്‌കാരങ്ങൾക്ക് ബാങ്കിനും ഇഖാമത്തിനും ഇടയിലെ ഇടവേള പത്തു മിനിറ്റ് വീതമാണ് നിശ്ചയിച്ചിട്ടുള്ളത്. ഭിക്ഷാടനത്തിന്റെ സാമ്പത്തിക, സാമൂഹിക, സുരക്ഷാ പ്രത്യാഘാതങ്ങളെ കുറിച്ച് ഇമാമുമാരും മുഅദ്ദിനുകളും വിശ്വാസികളെ ബോധവല്‍ക്കരിക്കണം. കൂടാതെ ദാനധര്‍മങ്ങള്‍ ഔദ്യോഗികവും വിശ്വനീയവുമായ പ്ലാറ്റ്‌ഫോമുകള്‍ വഴി നല്‍കാന്‍ പ്രേരിപ്പിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. റമദാനിന് മുമ്പ് തന്നെ പള്ളികളിലെ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും പൂർത്തിയാക്കണം. സ്ത്രീകളുടെ നമസ്‌കാര സ്ഥലം പ്രത്യേകം സജ്ജീകരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിലുണ്ട്.
Adjust Story Font
16