സൗദിയിൽ നാളെയും റെഡ് അലർട്ട്; മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം
- റിയാദ്, കിഴക്കൻ പ്രവിശ്യകളുടെ ഭാഗങ്ങളിലും മക്കയിലെ ഹൈറേഞ്ചുകളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
ജിദ്ദ: സൗദിയുടെ വിവിധ പ്രവിശ്യകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് കനത്ത മഴ തുടരന്നതിന് പിന്നാലെയാണ് നാളെയും ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഹഫറൽ ബാത്തിന് ഉൾപ്പെടെ ഉള്ള കിഴക്കൻ പ്രവിശ്യയിലും, റിയാദിലെ സുൽഫ, മജ്മഅ, അൽ-ഗാത്ത്, ഷഖ്‌റ, ദവാദ്മി, അഫീഫ് ഭാഗങ്ങളിലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മദീനയിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും ഹാഇലിലും നാളെ മഴയെത്തും. അൽജൗഫ്, തബൂക്, വടക്കൻ അതിർത്തി പ്രദേശങ്ങളിൽ മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. മഴക്കൊപ്പം വടക്കൻ അതിർത്തി പ്രദേശങ്ങളിലും അൽജൗഫ് മേഖലകളിലും താപനില വീണ്ടും കുറയുമെന്ന് മുന്നറിയിപ്പ്. 2 ഡിഗ്രി സെൽഷ്യസ് മുതൽ -2 ഡിഗ്രി സെൽഷ്യസ് വരെ ഏറ്റവും കുറഞ്ഞ താപനില ഇനിയുള്ള ദിവസങ്ങളിൽ അനുഭവപ്പെടും എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Next Story
Adjust Story Font
16