ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ തുടരുന്നു; മശാഇർ ട്രെയിന്‍ പരീക്ഷണയോട്ടം ആരംഭിച്ചു
15 പേരെ വരെ കൂട്ടാളികളായി ചേർക്കാം. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി പുണ്യ നഗരങ്ങളിൽ മശാഇർ ട്രൈൻ പരീക്ഷണയോട്ടം ആരംഭിച്ചു.
ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് 15 പേരെ വരെ കൂട്ടാളികളായി ചേർക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും ഹജ്ജിന് അവസരം ലഭിക്കുക. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി പുണ്യ നഗരങ്ങളിൽ മശാഇർ ട്രൈൻ പരീക്ഷണയോട്ടം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. ജൂണ് 11 വരെ ഇത് തുടരും. ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. 65 വയസ്സ് വരെയുള്ള വാക്‌സിനേഷൻ പൂർത്തിയാക്കിയവരെ മാത്രമേ നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുകയുള്ളൂ. മുമ്പ് ഹജ് നിർവഹിക്കാത്തവർക്ക് മുൻഗണനയും നൽകും. ഒരു അപേക്ഷകന് പരമാവധി 15 പേരെ വരെ കൂട്ടാളികളായി ചേർക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇത് നറുക്കെടുപ്പിൻ്റെ ഫലത്തെ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
നറുക്കെടുപ്പിലൂടെ ഹജ്ജിന് തെരഞ്ഞെടുക്കുന്നവരെ എസ്.എം.എസ് വഴി വിവരമറിയിക്കും. ഇവർ 48 മണിക്കൂറിനുള്ളിൽ ഇ-ട്രാക്ക് വഴി പണമടച്ച് പെർമിറ്റ് കരസ്ഥമാക്കേണ്ടതാണ്. 10,200 റിയാൽ മുതൽ 14,300 റിയാൽ വരെയുള്ള മൂന്നു പാക്കേജുകളാണ് ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ചില ഹജ്ജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും ഈടാക്കുന്ന നിരക്കുകളിൽ നേരിയ വ്യത്യാസം ഉണ്ടായേക്കും.
മറ്റു നഗരങ്ങളിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കുമുള്ള വിമാന യാത്ര, ബസ് യാത്ര എന്നീ സേവനങ്ങൾകൂടി ഉൾപ്പെടുത്തുന്നതിനാലാണ് ഈ മാറ്റമെന്നും മന്ത്രാലയം വിശദീകരിച്ചു. ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പുണ്യ നഗരങ്ങളിൽ സർവീസ് നടത്തുന്ന മശാഇർ ട്രൈയിനിൻ്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും തീർഥാടകരുടെ എണ്ണം വളരെ കുറവായിരുന്നതിനാൽ മശാഇർ ട്രൈൻ പ്രവർത്തിച്ചിരുന്നില്ല.
Adjust Story Font
16