ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താമസ സ്ഥലങ്ങൾ വെളിപ്പെടുത്തണം: സൗദി നഗരഗ്രാമകാര്യ മന്ത്രാലയം
മെച്ചപ്പെട്ട താമസ സൗകര്യം നൽകാത്തവർക്കോ ഇതിനായി തുക അനുവദിക്കാത്ത സ്ഥാപനങ്ങൾക്കോ എതിരെ നഗരഗ്രാമകാര്യ മന്ത്രാലയം നടപടിയെടുക്കും
സൗദിയിൽ ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താമസ സ്ഥലങ്ങൾ വെളിപ്പെടുത്തണമെന്ന് നഗരഗ്രാമകാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇക്കാര്യം അപ്‌ഡേറ്റ് ചെയ്യണം. ജീവനക്കാരുടെ ക്ഷേമം ലക്ഷ്യംവെച്ചുള്ള പദ്ധതി ജൂലൈ 1 മുതൽ പ്രാബല്യത്തിലാകും.
50 മുതൽ 249 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് ഇടത്തരം കാറ്റഗറിയിൽ പെടുന്നത്. ഇത്രയും ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഉത്തരവ് പാലിക്കണം. ജൂലൈ ഒന്നിനകം നിലവിലുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. പിന്നീട് ഓരോ ജീവനക്കാരൻ എത്തുമ്പോഴും താമസ സ്ഥലം വ്യക്തമാക്കണം. നഗരഗ്രാമ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. മന്ത്രാലയത്തിലെ വെബ്സൈറ്റിലെ സകനുൽ ജമാഇ പ്ലാറ്റ്ഫോം വഴിയാണ് വിവരങ്ങൾ ചേർക്കേണ്ടത്. ഒറ്റക്കും ഒന്നിച്ചും താമസിക്കുന്നവരുടെ വിവരങ്ങളും നൽകണം. ജീവനക്കാർക്ക് മികച്ച താമസ സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ പദ്ധതി. മെച്ചപ്പെട്ട താമസ സൗകര്യം നൽകാത്തവർക്കോ ഇതിനായി തുക അനുവദിക്കാത്ത സ്ഥാപനങ്ങൾക്കോ എതിരെ മന്ത്രാലയം നടപടിയെടുക്കും.
Adjust Story Font
16