സൗദിയിൽ സാമൂഹ്യ മാധ്യമം വഴിയും വിദേശ ഇൻഫ്‌ളുവൻസേഴ്‌സിനെ ഉപയോഗിച്ചും പരസ്യം ചെയ്യുന്നതിന് നിയന്ത്രണം
ലൈസൻസുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ഇനി സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് പരസ്യം ചെയ്യാനാകൂ
റിയാദ്: സൗദിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴിയും വിദേശ ഇൻഫ്‌ളുവൻസേഴ്‌സിനെ ഉപയോഗിച്ചും പരസ്യം ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ലൈസൻസുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ഇനി സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് പരസ്യം ചെയ്യാനാകൂ. വ്യാജ ഉത്പന്നങ്ങളും ഓഫറുകളും പെരുകിയതോടെയാണ് വൻ പിഴയും ശിക്ഷയും ഉൾപ്പെടുന്ന നിയന്ത്രണം.
സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. സൗദിയിൽ ഫേസ്ബുക്കും സ്‌നാപ്ചാറ്റും ടിക്ടോകും അടക്കം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് പരസ്യം ചെയ്യുന്ന രീതി വ്യാപകമാണ്. വ്‌ളോഗർമാരേയും സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസേഴ്‌സിനേയുമാണ് സ്ഥാപനങ്ങൾ ഇതിനായി ഉപയോഗിക്കാറുള്ളത്. ഇങ്ങിനെ ചെയ്യുന്നതിന് വിലക്കില്ല. എന്നാൽ ഇത്തരം പരസ്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വാണിജ്യ ലൈസൻസും മറ്റു നിയമപരമായ ലൈസൻസും ഉണ്ടായിരിക്കണം. ലൈസൻസ് ഇല്ലാത്തവർ ഇങ്ങിനെ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് രാജ്യത്തിന്റെ തൊഴിൽ, പ്രവാസി നിയമങ്ങളുടെ ലംഘനമായിരിക്കും. വ്യാജ ഉത്പന്നങ്ങളും മറ്റും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിച്ച് വിൽക്കുന്നതിന് നിയന്ത്രണം കൊണ്ടു വരികയാണ് ലക്ഷ്യം.
ഇൻഫ്‌ളുവൻസേഴ്‌സായി പരസ്യം ചെയ്യുന്നവർക്കും നിയമം ബാധകമാണ്. ഏതെങ്കിലും ലൈസൻസുള്ള സ്ഥാപനത്തിന് കീഴിലില്ലാത്തവർ ഇനി സ്ഥാപനങ്ങളുടേയോ ഉത്പന്നങ്ങളുടേയോ പ്രൊമോഷൻ നടത്താൻ പാടില്ല. വിദേശികൾ ലൈസൻസില്ലാതെ ഇത്തരം പ്രൊമോഷൻ നടത്തിയാലും പിഴ അമ്പത് ലക്ഷമാണ്. ഒപ്പം തടവു ശിക്ഷയുമുണ്ടാകും. വിസിറ്റ് വിസയിലും ആശ്രിതരായും സൗദിയിൽ കഴിയുന്നവർ ഇത്തരത്തിൽ പ്രൊമോഷൻ നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. പരസ്യം വിൽക്കാൻ അനുമതിയുള്ള ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് അത് ചട്ടം പാലിച്ചു തുടരുന്നതിന് തടസ്സമില്ല. വാണിജ്യ ലൈസൻസില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് നിയന്ത്രണം. സൗദി ഇതര പരസ്യദാതാക്കളുമായും താമസക്കാരുമായും സന്ദർശകരുമായും ഇടപാട് നടത്തരുത്. സൗദിയില്ലാത്തതും ലൈസൻസില്ലാത്തതുമായ വിദേശ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ചരക്കുകൾ എന്നിവ പരസ്യം ചെയ്യുകയോ പാടില്ല. ലൈസൻസില്ലാത്ത വിദേശികളായ സന്ദർശന വിസയിലും ആശ്രിത വിസയിലുമുള്ളവരെ പരിപാടികൾക്ക് ക്ഷണിക്കുകയോ ചെയ്യരുതെന്ന് വാണിജ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് സർക്കുലർ പുറപ്പെടുവിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ചട്ടലംഘനം കണ്ടെത്തിയാൽ വിവരമറിയക്കാൻ ഫോൺ നമ്പറും കമ്മീഷൻ പരസ്യപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16