സൗദിയിലെ പള്ളികളിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; നാലിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല.
നാലിൽ കൂടുതൽ ഉച്ചഭാഷിണികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ അഴിച്ച് മാറ്റണമെന്നും വെയർഹൌസിൽ സൂക്ഷിക്കണമെന്നും മന്ത്രി നിർദേശിച്ചു
ജിദ്ദ: സൗദിയിലെ പള്ളികളിൽ ബാങ്ക് വിളിക്കാൻ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളുടെ എണ്ണം നാലായി പരിമിതപ്പെടുത്തി. നാലിൽ കൂടുതൽ ഉച്ചഭാഷിണികൾ ഉണ്ടെങ്കിൽ അഴിച്ച് മാറ്റണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശിച്ചു.
രാജ്യത്തെ എല്ലാ പള്ളികളിലും ബാങ്ക് വിളിക്കാൻ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളുടെ എണ്ണം നാലായി കുറക്കാൻ ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുൾ ലത്തീഫ് അലു ഷൈഖ് നിർദേശം നൽകി. നാലിൽ കൂടുതൽ ഉച്ചഭാഷിണികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ അഴിച്ച് മാറ്റണമെന്നും വെയർഹൌസിൽ സൂക്ഷിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇങ്ങിനെ അഴിച്ച് മാറ്റുന്നവ ആവശ്യത്തിന് ഉച്ചഭാഷിണികളില്ലാത്ത പള്ളികൾക്ക് നൽകുകയോ, അല്ലെങ്കിൽ നിലവിലുള്ളക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ ഉപയോഗിക്കുകയോ ചെയ്യാം.
പള്ളികളിൽ പുറത്തേക്ക് ഉപയോഗിക്കുന്ന ഉച്ചഭാഷിണികളുടെ ശബ്ദം കുറക്കുവാനും, അവ ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താനും നേരത്തെ മന്ത്രാലയം നിർദേശം നൽകിയിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ നാലിൽ കൂടുതലുള്ളവ അഴിച്ച് മാറ്റാൻ നിർദേശം നൽകിയത്.
Adjust Story Font
16