റിയാദ് വിമാനത്താവളത്തിലെ പ്രതിസന്ധി പരിഹരിച്ചു; കൂടുതൽ കൗണ്ടറുകളും ജീവനക്കാരെയും ഏർപ്പെടുത്തി
അപ്രതീക്ഷിതമായുണ്ടായ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചതായി വിമാനത്താവള അതോറിറ്റി അറിയിച്ചു. രണ്ടാം ടെർമിനലിലെ പ്രധാന കൗണ്ടറുകളിൽ യാത്രാനടപടികൾ പൂർത്തിയാക്കാം. ഇപ്പോൾ താഴെ നിലയിലും പുതിയ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
റിയാദ്: കിങ് ഖാലിദ് വിമാനത്താവളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യാത്രക്കാരുടെ ബാഹുല്യം കാരണമുണ്ടായ പ്രതിസന്ധികൾ പരിഹരിച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. സ്‌കൂൾ അവധിയും പെരുന്നാൾ അവധിയും ഒരുമിച്ചെത്തിയതോടെ കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് വർധിച്ചതാണ് പെട്ടെന്നുണ്ടായ തിരക്കിന് കാരണമെന്നും അതോറിറ്റി വിശദീകരിച്ചു.
അപ്രതീക്ഷിതമായുണ്ടായ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചതായി വിമാനത്താവള അതോറിറ്റി അറിയിച്ചു. രണ്ടാം ടെർമിനലിലെ പ്രധാന കൗണ്ടറുകളിൽ യാത്രാനടപടികൾ പൂർത്തിയാക്കാം. ഇപ്പോൾ താഴെ നിലയിലും പുതിയ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടേക്ക് തിരക്കിനനുസരിച്ച് യാത്രക്കാരെ മാറ്റും. ഈ കൗണ്ടറുകൾ പ്രവർത്തനക്ഷമമായതോടെയാണ് കഴിഞ്ഞ ദിവസം യാത്രക്കാരുടെ തിരക്ക് മൂലമുണ്ടായ പ്രതിസന്ധി അയഞ്ഞത്. യാത്രക്കാരെ മാത്രമേ ടെർമനലിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. ഓൺലൈനിൽ ബോർഡിങ് പാസ് എടുക്കാൻ എല്ലാ യാത്രക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. ബാഗേജിന്റെ തൂക്കം കൃത്യമാണോയെന്ന് പരിശോധിക്കുവാനും ഉറപ്പ് വരുത്തുവാനും തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി അതോറിറ്റി യാത്രക്കാരോട് ആവശ്യപ്പെട്ടു.
Adjust Story Font
16