121 ബോയിങ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി റിയാദ് എയർ
30,000 കോടി രൂപ മൂല്യം വരുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ബോയിങ് വിൽപന കരാറുകളിലൊന്നാണ് യു.എസ് കമ്പനിയുമായി സൗദി ഒപ്പു വെച്ചത്
റിയാദ്: റിയാദ് എയർ വിമാനക്കമ്പനിക്കായി നൂറിലേറെ ബോയിങ് വിമാനങ്ങൾ വാങ്ങാനുള്ള കരാർ ബോയിങുമായി ഒപ്പു വെച്ചു. 30,000 കോടി രൂപ മൂല്യം വരുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ബോയിങ് വിൽപന കരാറുകളിലൊന്നാണ് യുഎസ് കമ്പനിയുമായി സൗദി ഒപ്പു വെച്ചത്. ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസും പുതിയ വിമാനങ്ങൾ സ്വന്തമാക്കും. ലോകത്തെ അത്യാധുനിക വിമാനങ്ങളെത്തുന്നതോടെ വ്യോമയാന രംഗത്ത് സൗദിയുടെ മത്സരത്തിന് കൂടിയാണ് തുടക്കമാകുന്നത്. 121 ബോയിങ് വിമാനങ്ങളാണ് റിയാദ് എയർ വാങ്ങുന്നത്. രണ്ടു ദിവസം മുമ്പായിരുന്നു ഈ വിമാനക്കമ്പനിയുടെ പേര് സൗദി കിരീടാവകാശി പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തിന് പിന്നാലെ ചരിത്രത്തിലെ അഞ്ചാമത്തെ വലിയ ബോയിങ് ഇടപാടിന് സൗദി യുഎസിന് കരാർ നൽകി. കരാർ ബോയിങ് സ്വീകരിച്ചതോടെ ആദ്യ വിമാനങ്ങൾ സൗദിയിലെത്തും. 78 ബോയിംഗ് 787 ഡ്രീംലൈനറുകൾ റിയാദ് എയറും സൗദി എയർലൈൻസും സ്വന്തമാക്കും. ഇതിന് പുറമെ 39 വൈഡ് ബോഡി 787 വിമാനങ്ങളും റിയാദ് എയർ വാങ്ങും. അത്ര തന്നെ എണ്ണം സൗദി എയർലൈൻസും സ്വന്തമാക്കും. 78 വിമാനങ്ങളാണ് ആദ്യം സൗദിയിലെത്തുക. ഇതിന് മാത്രം വില ഇന്ത്യൻ രൂപയിൽ ഏകദേശം മുപ്പതിനായിരം കോടി രൂപ വരും. 2025നകം വിമാനങ്ങൾ സൗദിയിലെത്തിക്കും. പുതിയ കരാറോടെ ബോയിംഗ് ഓഹരികൾ 3.6% ഉയർന്നു.
600 ബില്യൺ ഡോളറിലധികം ആസ്തിയുള്ള സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂർണ്ണമായ ഉടമസ്ഥതയിലുള്ളതാണ് റിയാദ് എയർ. 2030-ഓടെ ലോകമെമ്പാടുമുള്ള 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തും. ഇതോടെ എമിറേറ്റ്‌സ്, ഖത്തർ എയർവേയ്സ് എന്നിവയുമായുള്ള മത്സരം കൂടിയാണ് സൗദി തുടങ്ങുകയെന്ന് സാമ്പത്തിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.പുതിയ വിമാനം പറന്നുയരുന്നതോടെ സൗദി കാണുന്ന സ്വപ്നം മറ്റൊന്ന് കൂടിയാണ്.
ലോകത്തിലെ ഏറ്റവും വലിയ ട്രാൻസിറ്റ് ഹബ്ബായി റിയാദിനെ മാറ്റുക. ലോകത്തേക്കെവിടേക്കും സൗദിയിൽ നിന്നും വിമാനങ്ങളൊരുക്കുക. ഇന്ത്യയുൾപ്പെടുന്ന ഏഷ്യയും സർവീസ് പട്ടികയിലുണ്ട്. ആഭ്യന്തര സർവീസുകളും റിയാദ് എയറിലുണ്ടാകും. നേരിട്ടും അല്ലാതെയും 2 ലക്ഷം തൊഴിലുകൾ കമ്പനി നൽകും. 20,000 കോടി റിയാൽ എണ്ണേതര വരുമാനമായി റിയാദ് എയർ ജിഡിപിയിലെത്തിക്കും.
Adjust Story Font
16