'റിയാദ് ഡയസ്‌പോറ' മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു
അരനൂറ്റാണ്ട് കാലത്തെ പ്രവാസ സൗഹൃദവും അനുഭവങ്ങളും പങ്കുവെച്ചു
റിയാദ്: അരനൂറ്റാണ്ട് കാലത്തെ പ്രവാസ സൗഹൃദവും അനുഭവങ്ങളും പങ്കുവെച്ച് 'റിയാദ് ഡയസ്‌പോറ' കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ സംഗമിച്ചു. 'റിയാദ് റൂട്‌സ് റീ യൂണിയൻ' എന്ന തലവാചകത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
റിയാദ് ഡയസ്‌പോറ പോലെയുള്ള സൗഹൃദ കൂട്ടങ്ങൾ ഉണ്ടാകുന്നത് പലതരത്തിൽ നമ്മുടെ നാടിന് ഉപകാരപ്രദമാകും, ഗൾഫ് പൗരന്മാർ കേരളത്തിലേക്ക് ടൂറിസ്റ്റുകളായി കൂടുതൽ എത്തിത്തുടങ്ങിയിരിക്കുന്നു, അത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കൂടുതൽ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിൽപെട്ട കുടുംബങ്ങളുടെ പുനരധിവാസത്തെ കുറിച്ചും മന്ത്രി വിശദമായി സംസാരിച്ചു.
രാവിലെ 9:30 ന് ആരംഭിച്ച പരിപാടിയിലേക്ക് ലോകത്തിന്റെ വിവിധ ദിക്കുകളിൽനിന്ന് പ്രതിനിധികളെത്തി. നേരത്തെ റിയാദ് പ്രവാസികളായിരുന്നവർ പലരും ഇപ്പോൾ ലോകത്തിന്റെ പലയിടത്തും ചിതറിക്കിടക്കുകയാണ്. ഓർമ പുതുക്കാനുള്ള അപൂർവ്വ സംഗമത്തിന് വേദിയൊരുങ്ങിയപ്പോൾ സാധ്യമായവരെല്ലാം കോഴിക്കോട്ടെത്തി പരിപാടിയിൽ പങ്കാളികളായി.
ഡയസ്‌പോറ സമ്മേളനത്തിന്റെ ആദ്യ സെഷനായ വേദി ഉദ്ഘാടനം അബ്ദുസ്സമദ് സമദാനി എം.പി നിർവ്വഹിച്ചു. വേര് തേടിയുള്ള യാത്രയും വേരുകൾ കൂട്ടിയിണക്കിയുള്ള സംഗമവും മികച്ച കാഴ്ചയും അനുഭവവുമാണ് സമ്മാനിച്ചതെന്ന് സമാദാനി പറഞ്ഞു. പ്രവാസികളുടെ വിശാല കാഴ്ചപ്പാടിനെയും നിഷ്‌കപടമായ പ്രവർത്തനങ്ങളെയും സമദാനി അനുഭവങ്ങൾ വിവരിച്ച് അഭിനന്ദിച്ചു. കരുണയുടെ പര്യായമാണ് ഓരോ പ്രവാസിയുമെന്ന് അദ്ദേഹം പറഞ്ഞു.
വർഷങ്ങളോളം ഒരേ റൂമിൽ താമസിച്ചവരും ഒരേ സ്ഥലത്ത് തൊഴിലെടുത്തവരും കാലങ്ങൾക്ക് ശേഷം കണ്ട് മുട്ടിയപ്പോൾ വൈകാരിക രംഗങ്ങൾക്ക് ഡയസ്‌പോറ വേദി സാക്ഷിയായി.
ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ: എം കെ മുനീർ എംഎൽഎ റിയാദ് ഡയസ്‌പോറയെന്ന ആശയത്തെ അഭിനന്ദിച്ചു. പ്രവാസികളുടെ വൈകാരിക അടുപ്പത്തെ കുറിച്ചും ഡയസ്‌പോറ പോലെയുള്ള കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ചും സംസാരിച്ച മുനീർ പാട്ട് പാടി സദസ്സിനെ ആസ്വദിപ്പിച്ചാണ് മടങ്ങിയത്.
റിയാദ് പ്രവാസികൾ ഒരു കാലത്ത് ഏറെ ആസ്വദിച്ച പ്രവാസി കലാകാരന്മാരുടെ ശബ്ദം ഡയസ്‌പോറയുടെ വേദിയിൽ വീണ്ടും മുഴങ്ങി. എൺപതുകൾ മുതൽ റിയാദിൽ പാടിയിരുന്ന ഗായകരും ഗായികമാരും ഡയസ്‌പോറയിൽ പാട്ടിനൊപ്പം ചുവടു വെച്ചപ്പോൾ അക്ഷരാർത്ഥത്തിൽ റിയാദ് നഗരം കോഴിക്കോട്ട് പുനരാവിഷ്‌ക്കരിക്കപ്പെട്ടു.
മൂന്നാം സെഷനിലെത്തിയ ടി സിദ്ധിഖ് എംഎൽഎ പ്രവാസി സുഹൃത്തുക്കളുടെ കരുതലിനെ കുറച്ചും നമ്മുടെ നാട് വിപത്തുകൾ നേരിടുമ്പോൾ അവരൊരുമിച്ച് ചെയ്യുന്ന നന്മ നിറഞ്ഞ പ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞു. ഗസൽ ഗായകരായ റാസയും ബീഗവും നയിച്ച ഗസൽ സായാഹ്നം സമ്മേളനത്തിലെത്തിയ പ്രതിനിധികളെ ആനന്ദിപ്പിച്ചു.
റിയാദ് ഡയസ്‌പോറ ചെയർമാൻ ഷക്കീബ് കൊളക്കാടൻ അധ്യക്ഷ്യത വഹിച്ചു. ചീഫ് കോഡിനേറ്റർ നൗഫൽ പാലക്കാടൻ ആമുഖം പറഞ്ഞു. അഡൈ്വസറി ബോർഡ് ചെയർമാൻ അഷ്റഫ് വേങ്ങാട്ട് റിയാദ് ഡയസ്‌പോറയുടെ വിഷനും മിഷനും വ്യക്തമാക്കി. അയൂബ്ഖാൻ, ഉബൈദ് എടവണ്ണ, ഷാജി ആലപ്പുഴ, നാസർ കാരക്കുന്ന്, ബഷീർ പാങ്ങോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ നാസർ കാരന്തൂർ സ്വാഗതവും ട്രഷറർ ബാലചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.
അഡ്വ. അനിൽ ബോസ്, ഡോ. സൂരജ് പാണയിൽ, ടി എം അഹമ്മദ് കോയ, എൻ.എം ശ്രീധരൻ കൂൾ ടെക്, ഷാജി കുന്നിക്കോട്, ബഷീർ മുസ്‌ലലിയാരകത്ത്, ഡേവിഡ് ലൂക്ക്, മുഹമ്മദ് കുട്ടി പെരിന്തൽമണ്ണ, മജീദ് ചിങ്ങോലി,സലിം കളക്കര, അഡ്വ. സൈനുദ്ദീൻ കൊച്ചി, ഫസൽ റഹ്‌മാൻ, മുഹമ്മദലി മുണ്ടോടൻ, മുഹമ്മദ് അലി വേങ്ങാട്ട്, റാഫി കൊയിലാണ്ടി, ഷീബ രാമചന്ദ്രൻ, മാധ്യമ പ്രവർത്തകൻ സി കെ ഹസ്സൻകോയ, ഇസ്മായിൽ എരുമേലി തുടങ്ങിയവരും അറുനൂറോളം പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമായി.
Adjust Story Font
16