പ്രാദേശിക എതിരാളികളെ പിന്നിലാക്കി ആഗോള ബിസിനസ്സ് ഹബ്ബായി മാറുന്ന റിയാദ്
200 ബില്യണ്‍ ഡോളറിലധികം മൊത്ത ആഭ്യന്തര ഉല്‍പ്പാദനവുമായി ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായി മാറിയിരിക്കുകയാണ് നിലവില്‍ റിയാദ്
- Published:
26 Dec 2021 3:31 PM GMT
റിയാദ്: സൗദിയുടെ തലസ്ഥാന നഗരം കാലങ്ങളായി അന്താരാഷ്ട്ര ബിസിനസുകാരുടേയും എക്‌സിക്യൂട്ടീവുകളുടേയും ഇഷ്ട ഇടമാണ്. മേഖലയിലെ മറ്റേതൊരു നഗരവും ലോകത്തെ ആകര്‍ഷിക്കുന്നതിനു മുന്‍പേ റിയാദ് ആ കാര്യത്തില്‍ മുന്‍പിലായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ബിസിനസ് പ്രവര്‍ത്തനങ്ങളുടെയും ടൂറിസത്തിന്റേയും ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് രാഷ്ട്ര തലസ്ഥാനം. എന്നു മാത്രമല്ല, വിനോദ സൗകര്യങ്ങളുടെയും ഉത്സവങ്ങളുടെയും കേന്ദ്രമായും മാറാനുള്ള എല്ലാ അണിയറപ്രവര്‍ത്തനങ്ങളും പിന്നണിയില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.
അബുദാബി, ദുബായ്, ഖത്തര്‍ തുടങ്ങിയ ആഗോള നഗരങ്ങളുടെ നാലിരട്ടിയിലധികമാണ് സൗദി അറേബ്യയുടെ ആഭ്യന്തര ഓഹരി വിപണി (2.6 ട്രില്യണ്‍ ഡോളര്‍) മൂല്യം.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍, സ്വകാര്യവല്‍ക്കരണത്തിലൂടെ 55 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്, എണ്ണ ഭീമനായ സൗദി അരാംകോയുടെ 1.9 ട്രില്യണ്‍ ഡോളര്‍ ആസ്തി ഇതില്‍ ഉള്‍പ്പെടുന്നു പോലുമില്ലെന്നോര്‍ക്കണം.
ആഭ്യന്തര സമ്പദ്വ്യവസ്ഥ എണ്ണ ഉല്‍പാദനത്തെ മാത്രം ആശ്രയിക്കാതിരിക്കാന്‍ അടുത്ത ദശകത്തില്‍ 3.2 ട്രില്യണ്‍ ഡോളര്‍ പൊതു-സ്വകാര്യ നിക്ഷേപമാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഭാവനം ചെയ്യുന്നത്. രാജ്യത്തെ വിദേശ നിക്ഷേപകരുടെ എണ്ണം 2019ല്‍ 6 ശതമാനമായിരുന്നത്, നിലവില്‍ ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. കൊവിഡ് പാന്‍ഡമിക് കാലത്താണ് സൗദിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്ക് വലിയ തോതില്‍ ഉയര്‍ന്നത്.
480 ആഗോള കമ്പനികളുടെ ആസ്ഥാനമാക്കി റിയാദ് നഗരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് പ്രോഗ്രാമില്‍ തുടക്കത്തില്‍ 24 കമ്പനികളാണ് സൈന്‍ അപ്പ് ചെയ്തതെങ്കില്‍ ഇന്നത് 44 ആയി ഉയര്‍ന്നിട്ടുണ്ട്.
വേള്‍ഡ് റെസ്ലിങ് എന്റര്‍ടൈന്‍മെന്റ് മത്സരങ്ങള്‍, ന്യൂകാസില്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ സൗദി ഉടമസ്ഥത, മിയാമി റാപ്പര്‍ പിറ്റ്ബുള്ളിന്റെ ആഘോഷങ്ങള്‍ എന്നിവയെല്ലാം പാശ്ചാത്യരുമായുള്ള റിയാദ് നഗരത്തിന്റെ സാംസ്‌കാരിക അകലം കുറച്ച് കൊണ്ടിരിക്കുകയാണ്. 44 മള്‍ട്ടിനാഷണല്‍ കമ്പനികളുടെ പ്രാദേശിക ആസ്ഥാനമാണിപ്പോള്‍ റിയാദ് നഗരം.
200 ബില്യണ്‍ ഡോളറിലധികം മൊത്ത ആഭ്യന്തര ഉല്‍പ്പാദനവുമായി ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായി മാറിയിരിക്കുകയാണ് നിലവില്‍ റിയാദ്. വേള്‍ഡ് എക്സ്പോ 2030 ആതിഥേയത്വം വഹിക്കാനുള്ള ബിഡും യുഎഇയുടെ കൂടെ പിന്തുണയോടെ റിയാദ് നടത്തിക്കഴിഞ്ഞു.
ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിന്റെ നാലിരട്ടിയും ലണ്ടന്റെ പത്തിരട്ടിയും വലിപ്പമുള്ള സ്പോര്‍ട്സ് ബൊളിവാര്‍ഡ്, കൂറ്റന്‍ വലുപ്പത്തില്‍ നിര്‍മിക്കുന്ന കിങ് സല്‍മാന്‍ പാര്‍ക്ക് തുടങ്ങി നിരവധി വികസന പദ്ധതികളാണ് സൗദി തലസ്ഥാനത്ത് നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത ശൃംഖലകളിലൊന്നാണ് നഗരത്തില്‍ നിര്‍മ്മിക്കാന്‍പോകുന്നത്. റിയാദ് ഗ്രീന്‍ പ്രോജക്ടിന്റെ ഭാഗമായി നഗരത്തിലും പരിസരങ്ങളിലും പച്ചപ്പ് വര്‍ധിപ്പിച്ച് റിയാദിനെ സുസ്ഥിരവും ആരോഗ്യകരവുമായ നഗരമാക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
Adjust Story Font
16