റിയാദ് മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ ഞായറാഴ്ച മുതൽ തുറക്കും
ബ്ലൂ, യെല്ലോ, പർപ്പ്ൾ ലൈനുകൾ നിലവിൽ തുറന്നിട്ടുണ്ട്
റിയാദ്: സൗദിയിലെ റിയാദ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ഞായറാഴ്ച മുതൽ തുറക്കും. ആദ്യ ഘട്ടത്തിൽ ബ്ലൂ യെല്ലോ, പർപ്പ്ൾ ലൈനുകളിൽ മാത്രമായിരുന്നു സർവീസ് നൽകിയിരുന്നത്. അടുത്ത മാസം അഞ്ചിനായിരിക്കും ഓറഞ്ച് ലൈനിൽ റിയാദ് മെട്രോ ഓടി തുടങ്ങുക. ഇതോടെ മുഴുവൻ റൂട്ടുകളിലും മെട്രോ സേവനം ലഭ്യമാകും.
ആറ് റൂട്ടുകളിൽ 176 കി.മീ നീളത്തിലാണ് റിയാദ് മെട്രോ സേവനം നൽകുക. ഇതിൽ ബ്ലൂ, യെല്ലോ, പർപ്പ്ൾ ലൈനുകളിലാണ് നിലവിൽ മെട്രോ ഓടുന്നത്. ബ്ലൂ ലൈനിലൂടെ സർവീസ് നൽകുന്നുണ്ടെങ്കിലും മുഴുവൻ സ്റ്റേഷനുകളും നിലവിൽ തുറന്നിട്ടില്ല. ഘട്ടം ഘട്ടമായിട്ടായിരിക്കും ബാക്കിയുള്ള സ്റ്റേഷനുകൾ തുറക്കുക. കിംഗ് അബ്ദുല്ല റോഡ് വഴി സഞ്ചരിക്കുന്ന റെഡ് ലൈൻ, കിംഗ് അബ്ദുൽ അസീസ് റോഡ് വഴിയുള്ള ഗ്രീൻ ലൈൻ എന്നിവയാണ് ഞായറാഴ്ച മുതൽ തുറക്കുക. ജനുവരി അഞ്ചോടെ മുഴുവൻ ലൈനുകളിലും മെട്രോ വ്യാപിക്കും. ലോകത്തിലെ ഏറ്റവും നീളമുള്ള ഡ്രൈവറില്ലാ മെട്രോയാണ് റിയാദിലേത്.
നാല് സെൻട്രൽ സ്റ്റേഷനുകളടക്കം ആകെ 85 സ്റ്റേഷനുകളാണ് റിയാദ് മെട്രോക്കുള്ളത്. സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിച്ച് ആയിരത്തോളം ബസ്സുകളും സർവീസ് നടത്തും.
റിയാദ് ബസ് സർവീസിന് ഉപയോഗിക്കുന്ന ദർബ് ആപ്പ് തന്നെയാണ് മെട്രോക്കും ഉപയോഗിക്കേണ്ടത്. രണ്ട് മണിക്കൂറിന് നാല് റിയാലാണ് യാത്രാ ചാർജ്. മൂന്ന് ദിവസം, ആഴ്ച, മാസം എന്നിങ്ങിനെ വ്യത്യസ്ത പാക്കേജുകളും ലഭ്യമാക്കിയിട്ടുണ്ട്. സാധാരണക്കാരെ കൂടി ലക്ഷ്യം വെച്ചുള്ളതാണ് റിയാദ് മെട്രോ. അതിനാൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മെട്രോ സേവനം.
Adjust Story Font
16