റമദാനുമായി ബന്ധപ്പെട്ട് സൗദിയിലെ റിയാദ് മെട്രോ രാത്രി രണ്ട് മണിവരെ സർവീസ് നടത്തും
പുണ്യ മാസത്തിന്റെ വരവ് പ്രമാണിച്ച് ഹറമൈൻ ട്രെയിനുകളും കൂടുതൽ സർവീസ് ലഭ്യമാക്കും

റിയാദ്: റമദാനുമായി ബന്ധപ്പെട്ട് സൗദിയിലെ റിയാദ് മെട്രോ രാത്രി രണ്ട് മണിവരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ സേവനം മൂന്ന് മണിവരെ ആയിരിക്കും. പുണ്യ മാസത്തിന്റെ വരവ് പ്രമാണിച്ച് ഹറമൈൻ ട്രെയിനുകളും കൂടുതൽ സർവീസ് ലഭ്യമാക്കും. റിയാദ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
റമദാനുമായി ബന്ധപ്പെട്ടാണ് റിയാദ് മെട്രോ സമയക്രമത്തിൽ മാറ്റം വരുത്തുന്നത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ അർധ രാത്രി രണ്ട് വരെ സേവനം ലഭ്യമാക്കും. വെള്ളിയാഴ്ച്ച രാവിലെ സേവനം ലഭ്യമാകില്ല. ഉച്ചക്ക് പന്ത്രണ്ട് മുതൽ പുലർച്ചെ മൂന്ന് വരെയായിരിക്കും ഈ ദിവസത്തെ സേവനം. രാവിലെ പത്തു മുതൽ രാത്രി രണ്ടു വരെ ആയിരിക്കും ശെനിയാഴ്ചകളിൽ മെട്രോ ഓടുക. മുഴുവൻ ലൈനുകളിലും മാറ്റങ്ങൾ ബാധകമാകും. റമദാനുമായി ബന്ധപ്പെട്ട് റിയാദ് ബസ് സർവീസുകൾക്കും മാറ്റമുണ്ട്. രാവിലെ 6.30 മുതൽ പുലർച്ചെ 3 വരെ സേവനം ലഭ്യമാകും. തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിനുകളുടെ എണ്ണവും റമദാനുമായി ബന്ധപ്പെട്ട് വർധിപ്പിച്ചിട്ടുണ്ടെന്ന് സൗദി റെയിൽവേ അതോറിറ്റി അറിയിച്ചു . 3410 ട്രെയിനുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. റമദാന്റെ ആദ്യ വാരത്തിൽ മക്ക, മദീന എന്നിവയെ ബന്ധിപ്പിക്കുന്ന 100 സർവീസുകൾ ലഭ്യമാക്കും. റമദാൻ 14 ഓടെ ഇത് 120 ആയും ഉയർത്തും.
Adjust Story Font
16