Quantcast

സൗദിയില്‍ റമദാനില്‍ വാഹനാപകട മരണങ്ങള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് റമദാന്‍ മാസത്തില്‍ വാഹനപകടങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-03-14 19:27:58.0

Published:

14 March 2024 7:24 PM GMT

Saudi Arabia road accidents representative image
X

ജിദ്ദ: റമദാന്‍ ആരംഭിച്ചതോടെ വാഹനപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നോമ്പ് തുറക്കും പ്രഭാത നമസ്‌കാരത്തിനും തൊട്ടുമുമ്പുള്ള സയമങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. ഉറക്കമൊഴിച്ച് ദീര്‍ഘദൂരം വാഹനമോടിക്കുന്നതും മഴയുളള സാഹചര്യങ്ങളും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് റമദാന്‍ മാസത്തില്‍ വാഹനപകടങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നോമ്പ് തുറക്കുന്നതിന് തൊട്ടുമുമ്പുള്ള സമയങ്ങളിലും, പ്രഭാത നമസ്‌കാരത്തിന് മുമ്പുള്ള സമയങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. റമദാന്‍ ആരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴേക്കും നോമ്പ് തുറക്ക് തൊട്ടു മുമ്പുളള അപകട മരണങ്ങള്‍ 27 ശതമാനം വര്‍ധിച്ചു. കൂടാതെ പ്രഭാത പ്രാര്‍ത്ഥനക്ക് തൊട്ടുമുമ്പുള്ള അപകട മരണങ്ങളില്‍ 10 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

റമദാനില്‍ മക്കയിലേക്കും മദീനയിലേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനമോടിച്ചെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ ഇങ്ങിനെ എത്തുന്നവരുടെ എണ്ണം വീണ്ടും ഉയരും. ഇത് മൂലം റോഡുകളില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്യും. പകല്‍ സമയങ്ങളില്‍ നോമ്പനുഷ്ടിക്കുകയും രാത്രിയില്‍ ഉറക്കമൊഴിച്ച് ദീര്‍ഘദൂരം വാഹനമോടിക്കുകയും ചെയ്യുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയും കാറ്റു അനുഭവപ്പെടുന്നതും അപകട സാധ്യത വര്‍ധിപ്പിക്കാനിടയുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും റോഡ് സുരക്ഷാ അതോറിറ്റി ആവശ്യപ്പെട്ടു.

TAGS :

Next Story