യുഎസ് -യുക്രൈൻ സമാധാന ചർച്ചക്ക് ജിദ്ദയിൽ തുടക്കം
ചർച്ചക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

ജിദ്ദ: യുഎസ് -യുക്രൈൻ സമാധാന ചർച്ചക്ക് സൗദിയിലെ ജിദ്ദയിൽ തുടക്കം. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽസൗദിന്റെ മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ യുഎസ് സംഘവും യുക്രൈനെ പ്രതിനിധീകരിച്ച് ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാഖും സംഘവുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ചർച്ച വഴിയൊരുക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
ചർച്ചക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സൗദിയിലെത്തിയിരുന്നു. സെലൻസ്‌കി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും സൗദി കിരീടാവകാശിയെ കണ്ട് ചർച്ച നടത്തി. ഇന്ന് നടക്കുന്ന ചർച്ചയിൽ യു എസ് പ്രസിഡണ്ടില്ലാത്തതിനാൽ സെലൻസ്‌കി പങ്കെടുക്കുന്നില്ല.
സൗദി മധ്യസ്ഥതയിൽ യുക്രൈൻ റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാമത്തെ ചർച്ചയാണിത്. ഓവൽ ഓഫീസിൽ വെച്ച് ട്രംപും സെലൻസ്‌കിയും നടത്തിയ വാഗ്വാദത്തിന് ശേഷം നടക്കുന്ന ആദ്യ ഉന്നത തല യോഗമാണ് ഇന്ന്. യുക്രൈനുള്ള ഇന്റലിജൻസ്, യുദ്ധ സഹായങ്ങൾ യുഎസ് നിർത്തിയിരുന്നു. ഇത് വൻ പ്രതിസന്ധി സൃഷ്ടിച്ചതോടെ നിസ്സഹായാവസ്ഥയിലാണ് യുക്രൈൻ. അവസരം മുതലാക്കി റഷ്യ യുക്രൈന് മേൽ കടുത്ത സൈനിക നീക്കവും നടത്തുന്നുമുണ്ട്. യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പുതിയ ഖനന കരാർ യുക്രൈൻ യുഎസിന് നൽകിയേക്കും. ഇതിന് പകരമായി നേരത്തെയുള്ള യുഎസ് പിന്തുണ യുക്രൈൻ പ്രതീക്ഷിക്കുന്നുണ്ട്. രാത്രിയോടെ യുക്രൈൻ-റഷ്യ വിഷയത്തിൽ യുദ്ധ വിരാമത്തിലേക്കുള്ള വഴി തെളിയുമെന്ന പ്രതീക്ഷയിലാണ് സൗദി.
Adjust Story Font
16