റിയാദ് സീസൺ ആഘോഷങ്ങൾക്ക് താരപൊലിമയേറ്റി സൽമാൻ ഖാനും സഹ ബോളിവുഡ് താരങ്ങളും റിയാദിൽ
ഭാവിയിൽ ഇന്ത്യൻ സിനിമകൾ സൗദിയിൽ ഷൂട്ട് ചെയ്യും. അതിനുള്ള നല്ല ലൊക്കേഷനുകൾ സൗദിയിലുണ്ട്. അക്കാര്യത്തിൽ വലിയ മുന്നേറ്റങ്ങളുണ്ടാവും എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യയെ ഉത്സവ തിമിർപ്പിലാക്കിയ റിയാദ് സീസൺ ആഘോഷങ്ങൾക്ക് താരപൊലിമയേറ്റി സൽമാൻ ഖാനും സഹ ബോളിവുഡ് താരങ്ങളും റിയാദിൽ. വെള്ളിയാഴ്ച റിയാദിൽ അരങ്ങേറുന്ന 'ഡബാങ് ദ ടൂർ റീലോഡഡ്' എന്ന മെഗാ ഷോ അവതരിപ്പിക്കാനാണ് പ്രശസ്ത അഭിനേതാക്കളായ ശിൽപാ ഷെട്ടി, സായി മഞ്ജരേക്കർ, ആയുഷ് ഷർമ, ഗായകൻ ഗുരു രണദേവ് എന്നിവരടങ്ങുന്ന സംഘത്തെ നയിച്ച് ബോളിവുഡിെൻറ പ്രിയപ്പെട്ട 'മസിൽ മാെൻറ' വരവ്.
റിയാദ് സീസൺ ആഘോഷങ്ങളുടെ മുഖ്യവേദിയായ ബോളിവാർഡ് പ്ലസ് ഇൻറർനാഷനൽ അരീനയിൽ വെള്ളിയാഴ്ച വൈകീട്ട് 7.30 മുതലാണ് സംഗീതവും ഡാൻസും എല്ലാം കൂടിച്ചേരുന്ന വിസ്മയകരമായ ബോളിവുഡ് മെഗാ ഷോ അരങ്ങേറുന്നത്. ബുധനാഴ്ച രാത്രിയോടെ റിയാദിലെത്തിയ സൽമാൻ ഖാനും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലിന് മാധ്യമപ്രവർത്തകരെ കണ്ടു.
സൗദി അറേബ്യയിൽ അവിശ്വസനീയമായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സൽമാൻ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രത്യേകിച്ച് സാംസ്കാരിക, വിനോദ മേഖലയിൽ. കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യത്ത് നടക്കുന്നതെല്ലാം താൻ വളരെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കൊണ്ടുവന്ന മാറ്റങ്ങളെല്ലാം അവിശ്വസനീയവും വിസ്മയാവഹവുമാണ്. വിനോദ മേഖലയിൽ സൗദി ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽശൈഖ് നടപ്പാക്കുന്ന മാറ്റങ്ങൾ പ്രശംസനീയമാണ്. ഇത് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് വളരെ ഉപകാരപ്രദമാവും. ഇന്ത്യയും സൗദിയും തമ്മിൽ ചലച്ചിത്ര വ്യവസായം സംബന്ധിച്ച് കൂടുതൽ ഉഭയകക്ഷി കരാറുകളുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
ഭാവിയിൽ ഇന്ത്യൻ സിനിമകൾ സൗദിയിൽ ഷൂട്ട് ചെയ്യും. അതിനുള്ള നല്ല ലൊക്കേഷനുകൾ സൗദിയിലുണ്ട്. അക്കാര്യത്തിൽ വലിയ മുന്നേറ്റങ്ങളുണ്ടാവും എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നത്. സൗദിയിൽ വരാനും ബോളിവുഡിെൻറ മുഴുവൻ സവിശേഷതകളോടെയും ഇത്തരമൊരു പരിപാടി അവതരിപ്പിക്കാനും വേദിയൊരുക്കുന്ന സൗദി ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റിക്ക് നന്ദി പറയുകയണെന്ന് പറഞ്ഞ സൽമാൻ ഖാൻ ആഗോള വിനോദ ഭൂപടത്തിൽ പുതിയ അടയാളപ്പെടുത്തലുകൾ നടത്തുന്ന സൗദി അറേബ്യയെ പ്രശംസിക്കുകയും ചെയ്തു.
റിയാദ് സീസണിൽ അവതരിപ്പിക്കുന്ന 'ഡബാങ് ദ ടൂർ റീലോഡഡ്' അടുത്തകാലത്തൊന്നും ചെയ്തിട്ടില്ലാത്ത ഒരു വലിയ പരിപാടിയാണ്. സൗദി അറേബ്യയിൽ ആദ്യമായാണ് ഒരു ബോളിവുഡ് ഷോ അരങ്ങേറുന്നത്. അതിെൻറ ഒരു വലിയ ആവേശത്തിലാണ് താനെന്നും സൽമാൻ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൗദി അറേബ്യയിൽ ആദ്യമായി വരാനും സൽമാൻ ഖാെൻറ 'ഡബാങ് ദ ടൂർ റീലോഡഡ്' പരിപാടിയുടെ ഭാഗമാകാനും കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ബഹുമതിയായി കാണുന്നു എന്ന് ശിൽപ ഷെട്ടി പറഞ്ഞു. സൽമാൻ ഖാനും സഹതാരങ്ങളും ഉൾപ്പെടെ ബോളിവുഡിലെ 10 പ്രമുഖരും 150ഓളം മറ്റ് കലാകാരന്മാരും അണിനിരക്കുന്ന ഡബാങ് ഷോ 3.15 മണിക്കൂർ ദൈർഘ്യമുള്ളതാണ്. സൽമാൻ ഖാന്‍റെ സഹോദരൻ കൂടിയായ സുഹൈൽ ഖാനാണ് പരിപാടിയുടെ സംവിധായകൻ.
Adjust Story Font
16