തുർക്കിക്കും സിറിയക്കും സൗദിയുടെ സഹായം; ആദ്യ മണിക്കൂറുകളിൽ 100 കോടി സംഭാവന
1 റിയാൽ മുതൽ എത്ര തുക വേണമെങ്കിലും മൊബൈൽ വഴി അനായാസം ഇതിലേക്ക് സംഭാവന ചെയ്യാം
തുർക്കി, സിറിയ ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി സൗദി ഭരണകൂടം ആരംഭിച്ച സംഭാവനയിലേക്ക് ആദ്യ മണിക്കൂറുകളിൽ ലഭിച്ചത് നൂറ് കോടിയിലേറെ രൂപ.
വീട്, ഭക്ഷണം, മെഡിക്കൽ സഹായമുൾപ്പെടെ എത്തിക്കാനാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റേയും നിർദേശം.
സൗദിയിലെ ജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കാനായി കിങ് സൽമാൻ റിലീഫ് സെന്ററിന് കീഴിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം രൂപീകരിച്ചു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച സംഭാവനയിലേക്ക് തുകയായി ആദ്യ മണിക്കൂറുകളിൽ ലഭിച്ചത് നൂറ് കോടിയിലേറെ രൂപയാണ്.
ആർക്കും അനായാസം ഇതിലേക്ക് സംഭാവന ചെയ്യാം. 1 റിയാൽ മുതൽ എത്ര തുക വേണമെങ്കിലും മൊബൈൽ വഴി അനായാസം അയക്കാം. sahem.ksrelief.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദുരിതബാധിതർക്ക് തുക നൽകേണ്ടത്.
വരും മണിക്കൂറുകളിൽ സൗദിയിൽ നിന്നുള്ള വിമാനങ്ങൾ സഹായവുമായി തുർക്കിയിലും സിറിയിയിലും എത്തും. ഇരു രാജ്യങ്ങളും തമ്മിലെ ഇടതടവില്ലാതെ സഹായ സർവീസ് നടത്താൻ എയർ ബ്രിഡ്ജ് സ്ഥാപിക്കാനും ഭരണകൂടം ഉത്തരവിട്ടിരുന്നു.
ഇതുവഴി ഭക്ഷണവും മെഡിക്കൽ സഹായവും തുടരും. ഇതിന് പുറമെ പ്രത്യേക രക്ഷാ ദൗത്യ സംഘവും ഇരു രാജ്യങ്ങളിലുമെത്തും. നിങ്ങൾ ഒറ്റക്കല്ലെന്നും ദുരിതത്തിൽ നിന്ന് കരകയറും വരെ കൂടെയുണ്ടാകുമെന്നും കിരീടാവകാശി ഫോൺ വിളിച്ച് ഇരു രാജ്യങ്ങൾക്കും ധൈര്യം നൽകിയിരുന്നു. സൗദിയിലാരംഭിച്ച സഹായ പദ്ധതിയിലേക്ക് വ്യവസായ പ്രമുഖരുടേയും സഹായമൊഴുകുകയാണ്.
Adjust Story Font
16