അഞ്ഞൂറോളം പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി സൗദിയിലെ വിമാനക്കമ്പനികൾ
സൗദി എയർലൈൻസ്, റിയാദ് എയർ, ഫ്‌ലൈനാസ്, ഫ്‌ലൈ അദീൽ എന്നീ കമ്പനികളാണ് ഈ വർഷം പുതിയ കരാറുകളിലെത്തിയത്
റിയാദ്: അഞ്ഞൂറോളം പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി സൗദിയിലെ വിമാനക്കമ്പനികൾ. ഇന്ത്യയിലേക്കുൾപ്പെടെയുള്ള വിവിധ സർവീസുകൾ വർധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾക്കും ഇത് വഴിവെക്കും. സൗദി എയർലൈൻസ്, റിയാദ് എയർ, ഫ്‌ലൈനാസ്, ഫ്‌ലൈ അദീൽ എന്നീ കമ്പനികളാണ് ഈ വർഷം പുതിയ കരാറുകളിലെത്തിയത്.വിവിധ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ വർഷം 11.2 കോടി യാത്രാക്കാരാണ് സൗദിയിൽ നിന്ന് യാത്ര ചെയ്തത്. സൗദി അറേബ്യയിലെ വിമാന ഗതാഗതത്തിൽ 26% വർധനവും രേഖപ്പെടുത്തി. ഇതെല്ലാം കണക്ക് കൂട്ടിയാകാം അഞ്ഞൂറോളം വിമാനങ്ങൾ പുതുതായി സൗദി അറേബ്യ വാങ്ങാൻ പോകുന്നത്.
160 എയർബസ് വിമാനങ്ങൾക്ക് കൂടിയാണ് ഫ്‌ലൈനാസ് ഈയാഴ്ച ഓർഡർ നൽകിയത്. ഇതോടെ ആകെ ഓർഡർ ചെയ്ത വിമാനങ്ങൾ 280 ആയി ഉയർന്നു. 2007ൽ തുടങ്ങിയ ഫ്‌ലൈനാസിന് കഴിഞ്ഞ വർഷം വരെ വെറും 49 വിമാനങ്ങൾ മാത്രമാണുണ്ടായിരുന്നത്. സൗദിയിലെ ശതകോടീശ്വരനായ വലീദ് ഇബ്‌നു തലാലിന്റെ കിങ്ഡം ഹോൾഡിങ് കമ്പനിയുടേതായിരുന്നു ഫ്‌ലൈനാസ്. ഇന്ന് അതിന്റെ പതിനേഴ് ശതമാനം ഓഹരി സൗദി ഭരണകൂടത്തിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനാണ്. ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസും 105 പുതിയ വിമാനങ്ങൾക്കുള്ള പുത്തൻ ഓർഡറുകളിലൂടെ വ്യോമയാന രംഗത്തെ ഞെട്ടിച്ചിരുന്നു.
നിലവിൽ സൗദി എയർലൈൻസിനുള്ളത് 143 വിമാനങ്ങളാണ്. സൗദിയുടെ വ്യോമയാന രംഗത്തെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണിത്. സൗദി എയർലൈൻസ് നിലവിൽ കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. അത് കരിപ്പൂരിലേക്കും ഈ വർഷം എത്തുമെന്നാണ് പ്രതീക്ഷ. സൗദി എയർലൈൻസ് ഓർഡർ നൽകിയ 105 പുതിയ വിമാനങ്ങളിൽ പകുതിയോളം ബജറ്റ് സർവീസ് നടത്തുന്ന ഫ്‌ളൈ അദീലിന് ഉപയോഗിക്കും. സൗദി എയർലൈൻസിന്റെ ബജറ്റ് എയർലൈനാണ് ഫ്‌ലൈനാസ്. സൗദി അറേബ്യ പുതുതായി പ്രഖ്യാപിച്ച റിയാദ് എയറിന്റെ സർവീസും അടുത്ത വർഷം ആരംഭിക്കും. ഇതിനായുള്ള നൂറിലേറെ വിമാനങ്ങളുടെ ഓർഡറിൽ 39 വിമാനങ്ങളാണ് അടുത്ത വർഷം ലഭിക്കുക. പ്രവാസികൾക്കും ഇതിലെ തൊഴിലവസരങ്ങൾക്കായി ഒരുങ്ങിയിരിക്കാം.
Adjust Story Font
16