ആദ്യ ആഢംബര ദ്വീപ് പദ്ധതി പ്രഖ്യാപിച്ച് സൗദി: 'സിന്താല' 2024ൽ
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് നിയോമിലെ ആദ്യത്തെ ആഡംബര ദ്വീപായ സിന്താലയുടെ വികസന പദ്ധതി പ്രഖ്യാപിച്ചത്
സൗദിയിലെ സ്വപ്ന പദ്ധതിയായ നിയോമിലെ ആദ്യ ആഢംബര ദ്വീപ് സിന്താലയുടെ വികസനം സൗദി കിരീടാവകാശി പ്രഖ്യാപിച്ചു. പദ്ധതിയുടെ മാസ്റ്റർ പ്ലാനും പുറത്ത് വിട്ടിട്ടുണ്ട്. താമസത്തിനും വിനോദത്തിനും കായിക ഉല്ലാസത്തിനുമായാണ് സിന്താല പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
കിരീടാവകാശിയും നിയോം കമ്പനി ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് നിയോമിലെ ആദ്യത്തെ ആഡംബര ദ്വീപായ സിന്താലയുടെ വികസന പദ്ധതി പ്രഖ്യാപിച്ചത്. സൌദിയുടെ ദേശീയ ടൂറിസം പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്. 2024-ൻ്റെ തുടക്കം മുതൽ സിന്ദാല അതിഥികളെ സ്വീകരിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ. പദ്ധതിയിലൂടെ ടൂറിസം സെക്ടറിലും ഹോസ്പിറ്റാലിറ്റി, വിനോദ സേവനങ്ങൾ എന്നിവക്കുമായി 3,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഏകദേശം 8,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിയോമിലെ സിന്ദാല എന്ന ദ്വീപുകളുടെ കൂട്ടം തയ്യാറാക്കിയത്. ഇതിലെ ഓരോ ദ്വീപിനും വ്യത്യസ്ഥമായ രൂപകൽപനയും സ്വഭാവവുമുണ്ട്.
നിയോമിലെ ആദ്യത്തെ ആഡംബര ദ്വീപും ചെങ്കടലിലെ യാച്ച് ക്ലബ് ഡെസ്റ്റിനേഷനുമായ സിന്ദാലയിൽ നിന്നും ചെങ്കടിലേക്കുള്ള കവാടം സഞ്ചാരികൾക്ക് നിയോമിൻ്റെയും സൗദി അറേബ്യയുടെയും യഥാർത്ഥ സൗന്ദര്യം അനുഭവിക്കാൻ സഹായകരമാകും. ആഡംബരക്കപ്പലുകൾക്ക് അനുയോജ്യമായ 86-ബെർത്ത് മറീനയും, 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറികളും 333 ടോപ്പ് എൻഡ് സർവീസ് അപ്പാർട്ട്‌മെന്റുകളും സിന്ദാലയിലുണ്ടാകും. കൂടാതെ ആഡംബര ബീച്ച് ക്ലബ്, ഗ്ലാമറസ് യാച്ച് ക്ലബ്, നിരവധി ഭക്ഷണ ശാലകൾ തുടങ്ങിയവയും ഒരുക്കുന്നുണ്ട്.
Adjust Story Font
16