മുപ്പതിലധികം കരാറുകളിൽ ഒപ്പുവെച്ച് സൗദിയും ജപ്പാനും
ജപ്പാനിലേക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രാജ്യമാണ് സൗദി
റിയാദ്:സൗദി അറേബ്യയും ജപ്പാനും സംയുകതമായി മുപ്പതിലധികം കരാറുകളിൽ ഒപ്പുവെച്ചു. ഊർജം, ഉൽപ്പാദനം, സാമ്പത്തികം തുടങ്ങിയ മേഖലയിലെ വികസന കരാറുകളിലാണ് ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസം ടോക്കിയോയിൽ നടന്ന സൗദി അറേബ്യ-ജപ്പാൻ വിഷൻ 2030 ന്റെ ഭാഗമായിട്ടാണ് കരാറുകളിൽ ഒപ്പുവെച്ചത്. ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് എന്നിവർ ബിസിനസ്സ് ഫോറത്തിൽ പങ്കെടുത്തു. സൗദി കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജ കുമാരൻ ജപ്പാൻ സന്ദർശനത്തിന് ഈ ആഴ്ച്ച പദ്ധതിയിട്ടിരുന്നു. എന്നാൽ സൽമാൻ രാജാവിന്റെ ആരോഗ്യം തൃപ്തികരമല്ലാത്തത് കാരണം യാത്ര മാറ്റിവെച്ചു.
രാജ്യത്തിന്റെ എണ്ണ ഇതര വരുമാനം ഇരട്ടിയായിട്ടുണ്ട്. മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ടെന്നും അൽ ഫാലിഹ് അഭിപ്രായപ്പെട്ടു. ജാപ്പനീസ് സംരംഭകർക്ക് ഇത് വലിയ അവസരങ്ങളൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി-ജപ്പാൻ വിഷൻ 2030 ന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്ത ബന്ധം കൂടുതൽ ദൃഢമാക്കും. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക ബന്ധം എന്നിവ വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. 300ലധികം സൗദി, ജാപ്പനീസ് ബിസിനസ്, വ്യവസായ പ്രമുഖരും ഗവൺമെൻറ്, ഉദ്യോഗസ്ഥരും ബിസിനസ് ഫോറത്തിൽ പങ്കെടുത്തു.
ജപ്പാൻ വ്യവസായ മന്ത്രി കെൻ സൈറ്റോ സൗദി മന്ത്രിമാരുമായും സൗദി ബിസിനസ്സ് എക്‌സിക്യൂട്ടീവുകളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ജപ്പാനിലേക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രാജ്യമാണ് സൗദി. കൂടാതെ ഊർജ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണ് സൗദിയെന്നും ചടങ്ങിൽ സംസാരിച്ച കെൻ സൈറ്റോ പറഞ്ഞു.
Adjust Story Font
16