ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സിറ്റി റിയാദിൽ സ്ഥാപിക്കും: സൗദി കിരീടാവകാശി
വാദി ഹനീഫക്കടുത്ത് ഹയ്യ് ഇർഖയിലാണ് നടപ്പിലാക്കുക. 3.4 ചതു.കി.മീറ്റർ വിസ്തീർണ്ണമുണ്ടാകും. 44 ശതമാനം സ്ഥലം തുറന്ന ഹരിത ഇടങ്ങളായിരിക്കും
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സിറ്റി (നോൺ പ്രോഫിറ്റ് സിറ്റി) പദ്ധതി റിയാദിലെ ഇർഖ ഡിസ്ട്രിക്റ്റിൽ ആരംഭിക്കുമെന്ന് കിരീടാവകാശിയും മിസ്ക് ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകനും ബോർഡ് ചെയർമാനുമായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ആഗോളതലത്തിൽ ലാഭേഛയില്ലാത്ത മേഖലയുടെ വികസനത്തിന് റിയാദിൽ സ്ഥാപിക്കാൻ പോകുന്ന നഗരം മാതൃകയാകുന്നതിനാണ്. നിരവധി യുവജനങ്ങൾക്കും സന്നദ്ധ വിഭാഗങ്ങളും പ്രാദേശികവും അന്തർദേശീയവുമായ ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും നഗരമൊരു തൊട്ടിലായിരിക്കുന്നതിനുമാണെന്നും കിരീടാവകാശി പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആദ്യത്തെ നഗരം മിസ്ക് ചാരിറ്റിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യും. യുവാക്കൾക്കും യുവതികൾക്കും അവസരങ്ങളും പരിശീലന പരിപാടികളുമുണ്ടാകും. നഗരത്തിന്റെ ഗുണഭോക്താക്കൾക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യുന്ന നിരവധി സേവനങ്ങളും പദ്ധതിക്ക് കീഴിലുൾപ്പെടും. നിരവധി അക്കാദമികൾക്കും കോളേജുകൾക്കും മിസ്ക് സ്ക്കൂളുകൾക്കും നഗരം ആതിഥേയത്വം വഹിക്കും. കോൺഫ്രൻസ് ഹാൾ, സയൻസ് മ്യൂസിയം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സംവിധാനങ്ങളുള്ള, ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ട്പിടിത്തക്കാരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള ഇടമായ ഇന്നോവേഷൻ കേന്ദ്രവും നഗരത്തിലുണ്ടാകും. ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടും ഗാലറിയും, പെർഫോമിങ് ആർട്‌സ് തിയേറ്ററുകൾ, കളിസ്ഥലം, പാചക സ്ഥാപനം, പാർപ്പിട സമുച്ചയം എന്നിവയും ഉൾപ്പെടുന്നതായിരിക്കും. ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് നഗരം ആതിഥേയത്വം വഹിക്കുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു.
അമീർ മുഹമ്മദ് ബിൻ സൽമാൻ നോൺ പ്രോഫിറ്റ് സിറ്റി എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. റിയാദിലെ വാദിഹനീഫയോട് ചേർന്നുള്ള ഇർഖ ഡിസ്ട്രിക്റ്റിൽ ഏകശേദം 3.4 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിലാണ് പദ്ധതി നടപ്പിലാക്കുക. മൊത്തം പ്രദേശത്തിന്റെ 44 ശതമാനം തുറന്ന ഹരിത ഇടങ്ങളായിരിക്കും. യുവാക്കൾക്ക് പഠനവും നേതൃപാടവവും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും രാജ്യത്തിന്റെയും ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും സൗദിയിലെ യുവ പ്രതിഭകളെ പ്രാപ്തരാക്കുന്ന സുപ്രധാന സംവിധാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോൺ പ്രോഫിറ്റ് സിറ്റി എന്ന പദ്ധതിയിയുടെ പ്രഖ്യാപനം.
Adjust Story Font
16