സൗദിയില്‍ റീജ്യണല്‍ ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് കരാര്‍ വ്യവസ്ഥകളായി
പത്തു ലക്ഷം റിയാലില്‍ കുറവ് ചെലവ് വരുന്ന കരാറുകളെ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കി
റിയാദ്: സൗദിയില്‍ റീജ്യണല്‍ ആസ്ഥാനങ്ങളില്ലാത്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അംഗീകാരമായി. കര്‍ശന വ്യവസ്ഥകളോട് കൂടി മാത്രമേ ഇത്തരം കമ്പനികള്‍ക്ക് കരാര്‍ അനുവദിക്കാന്‍ സാധിക്കൂ. പത്തു ലക്ഷം റിയാലില്‍ കുറവ് ചെലവ് വരുന്ന കരാറുകളെ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കി.
രാജ്യത്ത് റീജ്യണല്‍ ആസ്ഥാനമില്ലാത്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സര്‍ക്കാര്‍ പ്രൊജക്ടുകള്‍ അനുവദിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയുള്ള നിയമം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം കമ്പനികള്‍ക്ക് കരാര്‍ അനുവദിക്കുന്നതിനുള്ള കര്‍ശനവ്യവസ്ഥകള്‍ അംഗീകരിച്ച് ഉത്തരവിറങ്ങിയത്. ടെണ്ടറുകളില്‍ സാങ്കേതികമായി സ്വീകാര്യമായ ഒന്നിലധികം ടെണ്ടര്‍ ഇല്ലാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ.
കമ്പനി സമര്‍പ്പിക്കുന്ന ടെണ്ടര്‍ സാങ്കേതിക മൂല്യനിര്‍ണയത്തിന് ശേഷവും ഏറ്റവും മികച്ച ഓഫര്‍ ആയിരിക്കുക. ടെണ്ടര്‍ തുക തൊട്ടടുത്ത ടെണ്ടറിനെക്കാള്‍ 25 ശതമാനം കുറവായിരിക്കുക തുടങ്ങിയവയും കരാര്‍ നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, പത്ത് ലക്ഷത്തില്‍ കുറവ് ചിലവ് പ്രതീക്ഷിക്കുന്ന കരാറുകള്‍ക്ക് വ്യവസ്ഥ ബാധകമായിരിക്കില്ല. ഈ പരിധിയും ഇളവും റദ്ദാക്കുവാനും തുകയില്‍ മാറ്റം വരുത്തുവാനും ധനമന്ത്രാലയത്തിന് അനുവാദമുണ്ടാകും.
ധനമന്ത്രാലയം, ജനറല്‍ അതോറിറ്റി ഫോര്‍ ഫോറീന്‍ ട്രേഡ്, ലോക്കല്‍ കണ്ടന്റ് ആന്റ് ഗവണ്‍മെന്റ് പ്രൊക്യൂര്‍മെന്റ് എന്നിവ ചേര്‍ന്ന് രാജ്യത്ത് റീജ്യണല്‍ ആസ്ഥാനമുള്ളതും ഇല്ലാത്തതുമായ കമ്പനികളുടെ പട്ടിക തയ്യാറാക്കും. ഇത് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കൈമാറും. മൂന്ന് മാസത്തിലൊരിക്കല്‍ പട്ടിക പുതുക്കി നല്‍കുമെന്നും പ്രോഗ്രാം സുപ്രിം കമ്മിറ്റി അറിയിച്ചു.
Summary: Saudi Arabia cabinet approves contracting rules for firms not based there
Adjust Story Font
16