സൗദിയിലും ബലി പെരുന്നാൾ; കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ആഘോഷങ്ങൾ
ലോകത്തുള്ള മുഴുവൻ വിശ്വാസികൾക്കും സൗദി ഭരണാധികാരി പെരുന്നാൾ ആശംസകൾ നേർന്നു
ത്യാഗസ്മരണ പുതുക്കി സൗദിയിലും വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ആയിരകണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.
ലോകത്തുള്ള മുഴുവൻ വിശ്വാസികൾക്കും സൗദി ഭരണാധികാരി പെരുന്നാൾ ആശംസകൾ നേർന്നു. സൗദിയിലെല്ലായിടത്തും പള്ളികളും ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരത്തിനായി സജ്ജമായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവ് വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ഹജ്ജ് തീർഥാടകരിൽ നിന്ന് അവരുടെ ഹജ്ജ് ദൈവം സ്വീകരിക്കട്ടെയെന്നും, രാജ്യവും, മുസ്ലീംങ്ങളും ലോകവും നന്മയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മക്കയിലെ മസ്ജിദുൽ ഹറമിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും ഹറം ഇമാം ഷെയ്ഖ് യാസിർ അൽ ദോസരി നേതൃത്വം നൽകി.
ഹജ്ജ് കർമ്മത്തിനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഹാജിമാരെ ഷെയ്ഖ് യാസിർ അൽ ദോസരി അഭിനന്ദിച്ചു. മുസ്ലീംകൾക്കിടയിൽ ഐക്യവും സമത്വവും കൈവരിക്കൽ ഹജ്ജിൻ്റെ ലക്ഷ്യങ്ങളിൽ പെട്ടതാണെന്നും, വിഭാഗീയ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉണർത്തി. മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖും നേതൃത്വം നൽകി.
മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരനും പ്രവാചകൻ്റെ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. മലയാളികളുൾപ്പെടെയുള്ള വിദേശികളും കുടംബ സമേതം പെരുന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു.
Adjust Story Font
16