കൂടുതൽ മേഖലകൾ ഡിജിറ്റൽവൽക്കരിക്കും; അടുത്ത വർഷത്തെ ഹജ്ജ് പദ്ധതികൾ പ്രഖ്യാപിച്ചു
ഈ വർഷത്തെ ഹജ്ജ് സീസണിന്റെ വിജയത്തിൽ പങ്കുവഹിച്ചവരെ ഹജ്ജ് ഉംറ മന്ത്രി അഭിനന്ദിച്ചു
ജിദ്ദ: അടുത്ത വർഷത്തെ ഹജ്ജ് സീസണിലേക്കുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും സൗദി അറേബ്യ പ്രഖ്യാപിച്ചു. ഡിജിറ്റൽ പരിവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. ഇതിനായി നുസുക് പാത്ത് പ്ലാറ്റ് ഫോം അവതരിപ്പിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു. മക്കയിലെ ഹജ്ജ് ഉംറ ആസ്ഥാനത്ത് വെച്ച് നടന്ന ഖതമുഹു മിസ്‌ക് എന്ന പരിപാടിയിലാണ് ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീയ അടുത്ത വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ പ്രഖ്യാപിച്ചത്.
വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനും അടുത്ത വർഷത്തെ ഹജ്ജ് പദ്ധതികളുടെ രേഖകൾ കൈമാറുന്നതിനും ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നതിനുമായാണ് മക്കയിൽ പരിപാടി സംഘടിപ്പിച്ചത്. അടുത്ത വർഷത്തെ ഹജ്ജിന് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് മന്ത്രി ചടങ്ങിൽ വിശദീകരിച്ചു. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുംവിധമാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. ഡിജിറ്റൽ പരിവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി നുസുക് പാത്ത് പ്ലാറ്റ് ഫോം അവതരിപ്പിക്കുമെന്നും മന്തി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെയും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ ഇത്തവണ നടപ്പിലാക്കിയ ചില പ്രധാന പദ്ധതികൾ വൻ വിജയകരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 'അനുമതി ഇല്ലാതെ ഹജ്ജ് പാടില്ല' എന്ന ക്യാമ്പയിൻ പെർമിറ്റില്ലാതെ ഹജ്ജിനെത്തുന്നവരെ തടയുന്നതിൽ പ്രധാന പങ്കുവഹിച്ചു. കൂടാതെ തീർഥാടകരെക്കുറിച്ചും അവർക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി നുസുക് കാർഡ് പുറത്തിറക്കിയതും ഇത്തവണത്തെ പ്രധാന പ്രത്യേകതയാണെന്ന് മന്ത്രി പറഞ്ഞു.
ഈ വർഷത്തെ ഹജ്ജ് സീസണിന്റെ വിജയത്തിൽ പങ്കുവഹിച്ചവരെ മന്ത്രി അഭിനന്ദിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പിന്തുണയും, കിരിടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മേൽനോട്ടവും ഈ വിജയത്തിന് കാരണമായതായും അദ്ദേഹം പറഞ്ഞു.
Adjust Story Font
16